തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ അമ്മ ശ്രീതയ്ക്ക് മകള്‍ കൃഷ്ണജ സമ്മാനമായി നല്‍കിയത് അഭിമാന നിമിഷം. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയാണ് കൃഷ്ണജ അമ്മയ്ക്ക് അഭിമാനമായി മാറിയത്. കുടുംബത്തിന്റെ സാമ്പത്തികമില്ലായ്മ മൂലമുള്ള കടുത്ത പ്രതിസന്ധികള്‍ മറികടന്നാണ് കൃഷ്ണജ വിജയം നേടിയിരിക്കുന്നത്.
കോട്ടൂര്‍ അഗസ്ത്യ ഗുരുപാദ ആല്‍ത്തറയ്ക്ക് സമീപം വാടക വീട്ടിലാണ് കൃഷ്ണജയും അമ്മയും കഴിയുന്നത്. അച്ഛന് സതീഷ് കൃഷ്ണജയുടെ കുഞ്ഞുനാളില്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ചു. അമ്മ ശ്രീത വീട്ടുജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലായിരുന്നു കൃഷ്ണജയുടെ പഠനചെലവുകള്‍ നടന്നിരുന്നത്.
എന്നാല്‍ ശ്രീതയ്ക്ക് കിഡ്നിയില്‍ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതോടെ കുടുംബത്തിന്റെ താളം തെറ്റുകയായിരുന്നു. ചികിത്സയ്ക്ക് പോലും വകയില്ലാത്ത അവസ്ഥയില്‍ കൃഷ്ണജയുടെ പഠനവും പ്രതിസന്ധിയിലേക്ക് മാറി. രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ കാന്‍സര്‍ ബാധിച്ച കിഡ്നി നീക്കം ചെയ്തു.
സ്വന്തമായി കോട്ടൂര്‍ പാറക്കോണം കോളനിയിലുണ്ടായിരുന്ന വീട് ബാങ്കില്‍ പണയപ്പെടുത്തിയാണ് ചികിത്സാ ചെലവുകള്‍ നടത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ടായതോടെ ബാങ്ക് വായ്പാ അടവും മുടങ്ങി. ഇതോടെ വീട് വിറ്റ് കടങ്ങള്‍ തീര്‍ത്ത് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗാവസ്ഥയില്‍ നിന്നും ശ്രീതയ്ക്ക് മോചനം ഉണ്ടായിട്ടില്ല. കഠിനമായ ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലായിരുന്നു കൃഷണജയുടെ പഠനം.
ആക്കുളം ഡോക്ടര്‍ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്. അമ്മയുടെ രോഗാവസ്ഥയെ തുടര്‍ന്ന് എട്ടാം ക്ലാസ്സിലായിരുന്നപ്പോള്‍ പഠനം നിര്‍ത്താന്‍ കൃഷ്ണജ ശ്രമിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അധ്യാപകര്‍ കൃഷ്ണജയെ വിടാന്‍ തയ്യാറായില്ല. എന്നാല്‍ പഠിക്കാനുള്ള പ്രതിസന്ധിയും കുടുംബത്തിന്റെ അവസ്ഥയും പുറത്തറിഞ്ഞതോടെ സേവാഭാരതി പ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും ഇവര്‍ക്ക് സഹായിയായി മാറി.
സേവാഭാരതിയുടെ സാരഥി ട്യൂഷന് സെന്ററും കൃഷ്ണജയ്ക്ക് പഠിത്തത്തില്‍ വഴികാട്ടിയായി. നൃത്തത്തിലും ചിത്രരചനയിലും പ്രാവീണ്യമുള്ള കൃഷ്ണജ ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയതെന്ന് സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു. എംബിബിഎസ് അല്ലെങ്കില്‍ ഐഎഎസ് കോഴ്സിന് പോകണമെന്നാണ് കൃഷ്ണജയുടെ ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി കൃഷ്ണജയുടെ ആഗ്രഹത്തിന് മുന്നില്‍ ചോദ്യമുയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: