ന്യൂദല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ സകല നിയമയുദ്ധങ്ങള്‍ക്കും പരിസമാപ്തിയായി. 370 നീക്കിയത് ശരിവച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരുടെ അവസാന കച്ചിത്തുരുമ്പും അങ്ങനെ നഷ്ടമായി. മോദി സര്‍ക്കാരിന്റെ ആധികാരിക വിജയമാണിത്.
വിധിയില്‍ തെറ്റൊന്നുമില്ലെന്നും പുനഃപരിശോധിക്കേണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യകാന്ത്, എ.എസ്. ബോപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവയടക്കം നല്കിയ ഹര്‍ജികളാണ് തള്ളിയത്. 2023 ഡിസംബര്‍ 11നാണ്, കേന്ദം 370 നീക്കിയത് കോടതി ശരിവച്ചതും ഭരണഘടനാപരമായി സാധുവാണെന്ന് അഭിപ്രായപ്പെട്ടതും.
2019 ആഗസ്ത് ആറിനാണ് കേന്ദ്രം 370-ാം വകുപ്പു നീക്കിയതും ജമ്മുകശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി (ജമ്മുകശ്മീര്‍, ലഡാക്ക്) മാറ്റിയതും. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിഘടന വാദികളും നല്കിയ ഹര്‍ജികളുടെ പെരുമഴയായിരുന്നു. നാലു വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് കേന്ദ്ര നടപടികള്‍ സുപ്രീംകോടതി ശരിവച്ചത്.
പുനഃപരിശോധനാ ഹര്‍ജികള്‍ മേയ് ഒന്നിനാണ് ജഡ്ജിമാരുടെ ചേംബറില്‍ പരിശോധിച്ചു തള്ളിയതെങ്കിലും മേയ് 21നാണ് വിധി പുറത്തുവിട്ടത്. ജമ്മുകശ്മീര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷനും അഡ്വ. മുസാഫര്‍ ഇഖ്ബാല്‍ ഖാനും ഹര്‍ജികള്‍ നല്‍കിയിരുന്നു. ആ പുനഃപരിശോധനാ ഹര്‍ജികളിലാണ് അവസാനത്തെ നിയമ നടപടി. കേന്ദ്ര നടപടി ചോദ്യം ചെയ്ത ഹര്‍ജികളില്‍ ചരിത്രപരമായ വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ്.കെ. കൗള്‍ പിന്നീടു വിരമിച്ചു. പകരം എ.എസ്. ബോപ്പണ്ണയെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: