Kerala

മേയറുടെയും കോർപ്പറേഷന്റെയും അവകാശവാദങ്ങൾ പൊളിഞ്ഞു; ശക്തമായ മഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി, ഇരുചക്രവാഹനങ്ങൾ ഒലിച്ചുപോയി

Published by

കൊച്ചി: സംസ്ഥാനത്ത് ശക്തമായമഴ തുടരുന്നതോടെ തൃശൂർ നഗരം വെള്ളത്തിൽ. സ്വരാജ് റൗണ്ട് അടക്കമുള്ള ഭാഗം പൂർണമായും വെള്ളത്തിലായി. പലയിടത്തും ഇരു ചക്രവാഹനങ്ങൾ ഒലിച്ചു പോയി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. നഗരത്തിലെ കച്ചവടക്കാർക്കു ലക്ഷങ്ങളുടെ നഷ്ടം.

മാർക്കറ്റുകളിൽപോലും വെള്ളം കയറി. പ്രളയം വന്നാലും നേരിടാൻ ഒരുങ്ങിയിട്ടുണ്ടെന്ന കോർപറേഷന്റേയും മേയറുടേയും അവകാശ വാദം വെറും തട്ടിപ്പാണെന്ന് ഇതോടെ തെളിഞ്ഞു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയുടെ കാഷ്വാലിറ്റിയിലും ഐസിയുവിലും വെള്ളം കയറി.

ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ 4ന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം 3 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു. തൃശൂരിന് പിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളിലും വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി.

കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. എന്നാൽ രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ 4 കൺട്രോൾ റൂമുകൾ തുറന്നു. പന്തീരാങ്കാവ് കൊടൽ നടക്കാവ് ദേശീയപാത സർവീസ് റോഡ് തകർന്നു. നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണു. 10 മീറ്റർ പൊക്കത്തിലും 50-ലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.

കാസർകോട് കുമ്പള പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം രാത്രി 8:30 യോടെ അടർന്ന് വീണു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by