കൊല്‍ക്കത്ത: ബംഗാളില്‍ 2010നു ശേഷം മമത ബാനര്‍ജി സര്‍ക്കാര്‍ നല്കിയ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ നിയമ വിരുദ്ധമെന്നു കണ്ട് കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ ജാതി സര്‍ട്ടിഫിക്കറ്റുകളാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. മമതയ്ക്കു വന്‍ തിരിച്ചടിയാണിത്.
42 സമുദായങ്ങളെയാണ് മമത സര്‍ക്കാര്‍, 2012ലെ ഒരു നിയമത്തിന്റെ ബലത്തില്‍ സംവരണ പട്ടികയില്‍പ്പെടുത്തിയത്. ഇതു നിയമ വിരുദ്ധമാണെന്നാണ്, ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍, ജസ്റ്റിസുമാരായ തപവ്രത ചക്രവര്‍ത്തി, രാജശേഖര്‍ മന്ഥ എന്നിവരുടെ കണ്ടെത്തല്‍.
2010 മാര്‍ച്ച് അഞ്ചു മുതല്‍ 2012 മേയ് 11 വരെയായി 42 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയതും ഹൈക്കോടതി റദ്ദാക്കി.
ഇവരെ സംവരണ പട്ടികയില്‍പ്പെടുത്തി നല്കിയ ഒബിസി സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ കയറിപ്പറ്റി. കോഴ്സുകള്‍ക്കു പ്രവേശനം നേടി. എന്നാല്‍ ഇതിനകം സര്‍വീസില്‍ കയറിയവരുടെ ജോലിയും അഡ്മിഷനുകളും നഷ്ടപ്പെടില്ലെന്നു കോടതി വ്യക്തമാക്കി. പരാതികളില്ലാത്തതിനാല്‍, 2010നു മുമ്പ് 60ലേറെ സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയതില്‍ കോടതി ഇടപെട്ടില്ല. വിധി അംഗീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള സംവരണം തുടരുമെന്നു പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: