ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രജ്വല്‍ രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കര്‍ണാടകം. പ്രജ്വല്‍ രാജ്യം വിട്ടിട്ട് ഒരു മാസമാകുകയാണ്. ഇതുവരെ പ്രജ്വലിനെ കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ പ്രത്യേക അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. സിബിഐ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസ് കൊണ്ട് മാറ്റമൊന്നും കാണാതായതോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ.
ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിന്‍ബലത്തിലാണ് അന്വേഷണ സംഘം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വല്‍ ഇപ്പോള്‍ ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കഴിയുന്നത്.
ഹോളെനരസിപുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുള്‍പ്പടെ മൂന്നു എഫ്ഐആറുകളാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ നിലവിലുള്ളത്. പത്തോളം സ്ത്രീകള്‍ നേരത്തെ പരാതിയുമായി ആദ്യഘട്ടത്തില്‍ രംഗത്തു വന്നിരുന്നെങ്കിലും പിന്നീട് പലരും കേസ് പിന്‍വലിച്ചിരുന്നു. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പ്രജ്വല്‍ മൂവായിരത്തോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായാണ് പോലീസ് ഭാഷ്യം. എന്നാല്‍ തങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പരാതി ഫയല്‍ ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് അതിജീവിതകളുടെ വെളിപ്പെടുത്തല്‍.
ലൈംഗികാതിക്രമം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി മുമ്പോട്ട് പോകുന്നില്ലെങ്കിലും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. അതേസമയം, പ്രജ്വല്‍ രേവണ്ണ ഉടന്‍ മടങ്ങി എത്തണമെന്നും നിയമനടപടി നേരിടണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: