കൊച്ചി: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി, കേരളത്തിലെ സമുദ്രജൈവവൈവിധ്യത്തെ മനസിലാക്കാന്‍ ഏകദിന പഠന സര്‍വേ നടത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എന്‍വയണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന വിദഗ്ധരുടെ വിവിധ സംഘങ്ങളാണ് ഒരേസമയം രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെ കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള 26 ഹാര്‍ബറുകളില്‍ മത്സ്യ-ചെമ്മീന്‍-ഞണ്ട്-കക്ക വര്‍ഗയിനങ്ങളുടെ വിശദമായ അവലോകനം നടത്തിയത്. വിവിധ ഹാര്‍ബറുകളില്‍ നിന്നായി 468 ഇനം മീനുകളെ പിടിച്ചതായി ഗവേഷകര്‍ കണ്ടെത്തി. കേരളത്തോട് ചേര്‍ന്ന സമുദ്രഭാഗങ്ങളില്‍ വസിക്കുന്ന മത്സ്യയിനങ്ങളുടെ വൈവിധ്യമാണ് ഇത് കാണിക്കുന്നത്.
യല, മത്തി, കൊഴുവ, ചെമ്മീന്‍, കൂന്തല്‍ തുടങ്ങിയ മീനുകളുമാണ് പിടിച്ചവയില്‍ ഏറ്റവും കൂടുതലുള്ളത്. ആഴക്കടല്‍ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളും പിടിച്ചെടുത്തത് സര്‍വേയില്‍ കണ്ടെത്തി. മാത്രമല്ല, മുമ്പ് രേഖപ്പെടുത്താത്ത, ഏഴ് ഇനം പുതിയ മീനുകളെ ഒരു ദിവസത്തെ പഠനസര്‍വേയില്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായി. കൂടുതല്‍ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രവിഭവങ്ങള്‍ ഭാവിതലമുറക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍വയിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനത്തിന് വലിയ മുതല്‍ക്കൂട്ടാകുന്നതാണ് ഈ സര്‍വേ. സമുദ്രജീവികളുടെ ലഭ്യതയും സമൃദ്ധിയും മനസിലാക്കാന്‍ ഇത് ഉപകരിക്കും.
സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എന്‍വയണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്നതാണ് സര്‍വേ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: