Business

ബൈജൂസിലെ 4440 കോടി രൂപ എവിടെപ്പോയി? ബൈജുവോ സഹോദരന്‍ റിജുവോ ശരിയായ ഉത്തരം നല്‍കുന്നില്ലെന്ന് യുഎസ് ജഡ്ജി

ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരെ നട്ടം തിരിയുന്നതിനിടയില്‍ ബൈജൂസില്‍ നിന്നും കാണാതായ 4440 കോടി രൂപയെക്കുറിച്ചുള്ള തര്‍ക്കം യുഎസ് കോടതിയില്‍

Published by

ഡെലാവെയര്‍: ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരെ നട്ടം തിരിയുന്നതിനിടയില്‍ ബൈജൂസില്‍ നിന്നും കാണാതായ 4440 കോടി രൂപയെക്കുറിച്ചുള്ള തര്‍ക്കം യുഎസ് കോടതിയില്‍ എത്തിയിരിക്കുകയാണ്. ഈ പണം എവിടെപ്പോയി എന്നതിന് കൃത്യമായ ഉത്തരം ബൈജു രവീന്ദ്രനോ അദ്ദേഹത്തിന്റെ സഹോദരന്‍ റിജു രവീന്ദ്രനോ നല്‍കുന്നില്ല.

ഈ തുക വിദേശത്തെ ഒരു അക്കൗണ്ടില്‍ ഉണ്ടെന്ന് യുഎസ് കോടതി നടപടികള്‍ക്കിടയില്‍ കണ്ടെത്തിയതായി പറയുന്നു. സാമ്പത്തികസുതാര്യത ഇല്ലാത്തതിനാലും വാഗ്ദാനം ചെയ്തതുപോലെ തിരിച്ചടവില്ലാത്തതിനാലും നേരത്തെ ബൈജൂസിന് വായ്പ നല്‍കിയ അമേരിക്കന്‍ നിക്ഷേപകര്‍ ഇപ്പോള്‍ പുതിയ നിക്ഷേപം ബൈജൂസില്‍ ഇറക്കാത്തതാണ് കമ്പനിയുടെ താളം തെറ്റിച്ചിരിക്കുന്നത്. അതിനിടെയാണ് ബൈജു രവീന്ദ്രന്റെയും സഹോദരന്‍ റിജു രവീന്ദ്രന്റെയും സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ അപ്രത്യക്ഷമായ 4440 കോടി രൂപ (5300 ലക്ഷം ഡോളര്‍) എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നത്.

ചൊവ്വാഴ്ച അമേരിക്കയിലെ ഡെലാവെയറിലെ വില്‍മിംഗ്ടണിലെ കോടതിയിലെ ബാങ്ക് റപ്റ്റ്സി ജഡ്ജി ജോണ്‍ ഡോര്‍സി പറയുന്നത് റിജു രവീന്ദ്രന്‍ ഈ പണം എവിടെ എന്ന് കണ്ടെത്താന്‍ ഗൗരവതരമായ പരിശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ്. “ഈ അപ്രത്യക്ഷമായ വമ്പന്‍തുകയെപ്പറ്റി ബൈജു രവീന്ദ്രന്‍ നല‍്കിയ സത്യവാങ്മൂലം സത്യസന്ധമല്ലെന്ന് ഞാന്‍ പറയുന്നു”- ജഡ്ജി ജോണ്‍ ഡോര്‍സി വിശദമാക്കി.

ഇതോടെ ഈ കേസില്‍ യുഎസ് കോടതി ബൈജൂ രവീന്ദ്രന് വന്‍തുക പിഴ വിധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

വായ്പ എടുത്തവര്‍ക്ക് 120 കോടി ഡോളര്‍ തിരിച്ചടയ്‌ക്കാനിരിക്കെ ബൈജു രവീന്ദ്രന്റെ തിങ്ക ആന്‍റ് ലേണ്‍ എന്ന കമ്പനിയുടെ ഭാഗമായ ആല്‍ഫ ഇന്‍കോ. ആണ് ഈ 4440 കോടി രൂപ മറച്ചത്. ആല്‍ഫ ഇന്‍കോ. എന്ന കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 4440 കോടി രൂപ അമേരിക്കയിലെ ഫ്ലോറിഡയിലെ ഹെഡ്ജ് ഫണ്ടായ കാം ഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടിന് ഇത്രയും തുക രഹസ്യമായി കൈമാറിയിരിക്കുന്നത്. ഇതോടെയാണ് ആല്‍ഫയില്‍ നിന്നും 120 കോടി ഡോളര്‍ ലഭിക്കാനുള്ള കമ്പനികള്‍ യുഎസ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ വാദം കേള്‍ക്കല്‍ നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക