തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില്‍ നിന്നെടുത്ത വായ്പ സമയത്തു തിരിച്ചടയ്ക്കാനാകാതെ പലിശക്കുരുക്കില്‍പ്പെട്ട് കെഎസ്ആര്‍ടിസി. പെന്ഷന് വിതരണത്തിനായി സഹകരണ സംഘം കൂട്ടായ്മയില്‍ നിന്നെടുത്ത വായ്പയ്ക്കാണ് തിരിച്ചടവു മുടങ്ങിയത്. പ്രതിമാസ തിരിച്ചടവു മുടങ്ങിയതോടെ ആവര്‍ത്തിച്ചാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍.
ഇതിനിടെ കൂടുതല്‍ പലിശ നല്‍കിയാലേ തുടര്‍ന്നും പണം കിട്ടൂ എന്ന സഹകരണ കൂട്ടായ്മയുടെ കടുംവെട്ടും. 42,200 പേര്‍ക്കാണ് കെഎസ്ആര്‍ടിസി കടം വാങ്ങി പെന്ഷന് നല്‍കുന്നത്. ധനപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസിയുടെ സമനില തെറ്റുമ്പോള്‍ ഒന്നിലും ഇടപെടാതെ കാഴ്ചക്കാരായി ധനവകുപ്പ്.
പല തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സഹകരണ കൂട്ടായ്മയില്‍ തിരിച്ചടവായി നല്‍കേണ്ട തുക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി കൈമാറിയിരുന്നു. ഫെബ്രുവരിയിലെ പണം സഹകരണ രജിസ്ട്രാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ സ്പെഷല്‍ ടിഎസ്ബി അക്കൗണ്ടിലേക്കു നല്‍കിയത്. എട്ടു ശതമാനം പലിശ ഉള്‍പ്പെടെ ഫെബ്രുവരിയിലെ 77,04,20,935 രൂപ കഴിഞ്ഞ ദിവസം നല്‍കിയെങ്കിലും മാര്‍ച്ച് മുതലുള്ള വായ്പ കുടിശിക തിരികെ ഒടുക്കാനായില്ല.
ഒരു വര്‍ഷത്തെ കാലയളവില്‍ സഹകരണ കൂട്ടായ്മയിലേക്ക് പണം നിക്ഷേപിക്കുന്ന സംഘങ്ങള്‍ക്ക് എല്ലാ മാസവും നിശ്ചിത തീയതിയില്‍ത്തന്നെ പലിശ ഉള്‍പ്പെടെ നല്‍കുമെന്ന വാഗ്ദാനത്തോടെയായിരുന്നു കണ്‍സോര്‍ഷ്യം ആരംഭിച്ചത്. ഫണ്ട് മാനേജരുടെയും സഹകരണ രജിസ്ട്രാറുടെയും പേരില്‍ കേരള ബാങ്കില്‍ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങള്‍ പണം നിക്ഷേപിക്കുന്നത്.
സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കു പുറമേ എംപ്ലോയീസ് സഹകരണ സംഘങ്ങളെയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചടവു മുടങ്ങുന്നതിനാല്‍ കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്കുന്നതില് സഹകരണ സംഘങ്ങള്‍ക്ക് താത്പര്യം കുറഞ്ഞിട്ടുണ്ട്. എട്ടു ശതമാനം പലിശയ്ക്ക് തുടങ്ങിയ കടമെടുപ്പ്, ഘട്ടംഘട്ടമായി വര്‍ധിച്ചു. 9.1 ശതമാനമാണ് സഹകരണ കൂട്ടായ്മ ഇപ്പോള്‍ ആവശ്യപ്പെടുന്ന പലിശ.
അതേസമയം 2018 മുതല്‍ വിവിധ ആവശ്യങ്ങളിലേക്ക് പല തവണകളിലായി സഹകരണ കണ്‍സോര്‍ഷ്യം സര്‍ക്കാരിന് 15,000 കോടി രൂപയോളം കടം നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം ആവശ്യ സമയത്ത് തിരികെ നല്‍കിയിട്ടുണ്ടെന്നുമാണ് സഹകരണ വകുപ്പ് സര്‍ക്കാരിനു വേണ്ടി നടത്തുന്ന ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: