തൊടുപുഴ: ഏതാനും ആഴ്ചകള്‍ക്ക് മുമ്പുവരെ 11.5 കോടി യൂണിറ്റിന് മുകളില്‍ വരെ എത്തിയ വൈദ്യുതി ഉപഭോഗം മഴ എത്തിയതോടെ കുത്തനെ കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം തിങ്കളാഴ്ച 81.1576 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 69.3131 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചത്.
മാര്‍ച്ച് പാതിയോടെ വൈദ്യുതി ഉപഭോഗം 10 കോടി കടന്നു, പിന്നീട് ഓരോ ദിനവും റിക്കാര്‍ഡുകള്‍ തീര്‍ത്ത് ഉപഭോഗം കുതിക്കുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ 11 കോടി കടന്നത്. പിന്നാലെ 115.9485 ദശലക്ഷം യൂണിറ്റ് വരെ ഉപഭോഗമെത്തി.
സര്‍ക്കാരും കെഎസ്ഇബിയും ആവര്‍ത്തിച്ച് ഉപഭോഗം നിയന്ത്രിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ മെയ് രണ്ടാംവാരം തുടക്കത്തില്‍ മഴ എത്തിയതോടെഉപഭോഗം കുറഞ്ഞു.
കഴിഞ്ഞവാരം ഇത് 90 ദശലക്ഷത്തിലേക്ക് എത്തി. കനത്തമഴ എല്ലായിടത്തും ലഭിച്ചതോടെയാണ് 80 ദശലക്ഷത്തിനടുത്തേക്ക് എത്തിയത്.
മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് ഉപഭോഗം വീണ്ടും ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. എങ്കിലും ശരാശരി 90 ദശലക്ഷത്തില്‍ നിര്‍ത്താനാകുമെന്നും മഴക്കാലം അടുത്തെത്തിയതിനാല്‍ മറ്റ് പ്രതിസന്ധിയില്ലെന്നുമാണ് കെഎസ്ഇബി അധികൃതര്‍ നല്കുന്ന വിശദീകരണം.
ജലനിരപ്പുയര്‍ന്നു
മഴ ശക്തമായതോടെ ഇടുക്കി അടക്കമുള്ള ജലസംഭരണികളില്‍ നേരിയ തോതില്‍ ജലനിരപ്പുയര്‍ന്നു. 2334.38 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 33.37 ശതമാനം. 19ന് 2334 അടിയായിരുന്നു ജലനിരപ്പ്.
10 ദിവസത്തിനിടെ 46.698 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. തിങ്കളാഴ്ച മാത്രം 9.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 3.483 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ സമയം മൂലമറ്റത്തെ നിലയത്തില്‍ ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: