- അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
- മുഹമ്മദ് മൊഖ്ബര്‍ ആക്ടിങ് പ്രസിഡന്റ്
- പ്രസിഡന്റ് തെര. ജൂണ്‍ 28ന്
ടെഹ്റാന്: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ റെയ്സിയുടെ സംസ്കാരം നടക്കുമെന്ന് റിപ്പബ്ലിക് വൈസ് പ്രസിഡന്റ് മൊഹ്സെന്‍ മന്‍സൂരി അറിയിച്ചു. തീര്‍ത്ഥാടന കേന്ദ്രവും ഷിയകളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നുമായ റെയ്സിയുടെ ജന്മനാടായ മഷ്ഹദിലാണ് ഇമാം റെസയുടെ മഖ്ബറ സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് ഇമാം റെസയുടെ മഖ്ബറയില് സംസ്കാരം നടക്കുമെന്ന് മന്‍സൂരി പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹസ്രത്ത് മസൂമയുടെ (എസ്എ) വിശുദ്ധ ദേവാലയത്തില്‍ നിന്ന് ജംകരന്‍ പള്ളിയിലേക്ക് മാറ്റും. അതിനുശേഷം തലസ്ഥാനമായ ടെഹ്റാനിലേക്ക് പോകും. ഇന്ന് ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല മസ്ജിദില്‍ വലിയ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് റെയ്സിയുടെ മൃതദേഹം ഇമാം റെസ ദേവാലയത്തിലേക്ക് കൊണ്ടുപോകും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പ്രാര്‍ത്ഥന നടത്തുമെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലിക്കോപ്റ്റര്‍ തകര്‍ന്ന സ്ഥലമായ വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസിലും പ്രസിഡന്റ് റെയ്സിയുടെയും മറ്റുള്ളവരുടെയും സംസ്കാര ചടങ്ങിലും വന്‍ ജനാവലി പങ്കെടുക്കുന്നുണ്ട്.
ഇറാനില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ അടച്ചിട്ട് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കൂടാതെ, റെയ്സിയും ഒപ്പമുണ്ടായിരുന്ന സംഘവും കൊല്ലപ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറാന് സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി കേസന്വേഷിക്കാന്‍ ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിഗേഡിയര്‍ അലി അബ്ദുള്ളാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
റെയ്സിയുടെ പിന്‍ഗാമിയെ ജൂണ്‍ 28ന് തെരഞ്ഞെടുത്തേക്കും. ജുഡീഷ്യറി, സര്‍ക്കാര്‍, പാര്‍ലമെന്റ് മേധാവികളുടെ യോഗത്തിലാണ് റെയ്സിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളുടെ രജിസ്ട്രേഷന് മെയ് 30 മുതല്‍ ജൂണ്‍ മൂന്നു വരെയാണ്. തെര. പ്രചാരണ കാലയളവ് ജൂണ്‍ 12 മുതല്‍ 27 വരെ. ഇറാന് ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഇറാന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബറിനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചു. ഇറാനിയന്‍ ഭരണഘടനയനുസരിച്ച് 50 ദിവസത്തേക്ക് രാജ്യത്തിന്റെ എക്സിക്യൂട്ടീവ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനുമായി ഒരു കൗണ്‍സില്‍ രൂപീകരിക്കും.
വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ ഒരു വിദൂര പ്രദേശത്തുവച്ചാണ് ഞായറാഴ്ച ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 63 കാരനായ റെയ്സിയും വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിറാബ്ദോല്ലാഹിയാനും മറ്റ് ഏഴ് പേരും മരിച്ചത്. ഡെ. വിദേശകാര്യ മന്ത്രി അലി ബഗേരി കാനിയെ ആക്ടിങ് വിദേശകാര്യ മന്ത്രിയായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: