അസുരവിത്തില്‍ നിന്നു പോലും ഭക്തോത്തമന് ഉണ്ടാകും എന്ന് കണിശമായി പറയുകയാണ് വ്യാസഭഗവാന് നരസിംഹാവതാര ചരിതത്തിലൂടെ.
”ദൈത്യന്മാരില്‍ ഞാന്‍ പ്രഹ്ലാദനാണ്” എന്ന് ശ്രീകൃഷ്ണ ഭഗവാന് സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ.
അസുരപ്രമാണിയും, ക്രൂരനും, ദേവനിന്ദകനുമായ ഹിരണ്യകശിപുവിന്റെ സന്താനമാണ് പ്രഹ്ലാദന്. അങ്ങനെയുള്ള ഒരു അസുരവിത്ത് എങ്ങനെ ഭാഗവതോത്തമനായി എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളു: സത്സംഗം! ഗര്‍ഭിണിയായ കായാധുവിന്(ഹിരണ്യ കശിപുവിന്റെ പത്നി) ശ്രീനാരദരുടെ സത്സംഗം കിട്ടി. അമ്മയ്ക്ക് കൊടുത്ത ഉപദേശം ഗര്‍ഭസ്ഥശിശുവിനും അതുവഴി പകര്‍ന്നു കിട്ടി. അങ്ങനെ ഗര്‍ഭത്തില്‍ കിടക്കുമ്പോഴേ വിവേകമാകുന്ന ഉള്ക്കണ്ണ് ശിശുവിന് ലഭിച്ചു. അതുകൊണ്ട് ആ ശിശു, പ്രകര്‍ഷേണ ഹ്ലാദമുള്ളവന്(പ്രഹ്ലാദന്) അഥവാ സവിശേഷമായ ആനന്ദം അനുഭവിക്കുന്നവനായി മാറി.
ഇവിടെയാരും സ്ഥിരമായി പാപിയല്ല. മഹത്തുക്കളുടെ സാന്നിധ്യത്തിലൂടെ ഏതു പാപിക്കും പരിവര്‍ത്തന വിധേയമാകാം. ശാന്തിക്ക് ഉടമയാകാം എന്ന് ഭാഗവതം.
ഹിരണ്യകശിപു മരണം വരാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചു കൊണ്ടാണ് വരം നേടിയത്. രാത്രി, പകല്‍, മനുഷ്യന്, മൃഗം, ജീവനുള്ളത്, ജീവനില്ലാത്തത്, അകത്ത്, പുറത്ത്, ഇതിലൂടെയെന്നും മരണം ഉണ്ടാകരുത് എന്ന വരം ലഭിച്ചു. പക്ഷേ മരണത്തിനു വരാന്‍ അതിന്റേതായ വഴികളുണ്ട്. മരണത്തെ തടയാന്‍ ഒരു വഴിയേയുള്ളു. അത് മരണമില്ലാത്ത നാരായണനെ സേവിക്കുക മാത്രമാണ്. അപ്പോള്‍ മരണമില്ലാത്തവനാണ് താന്‍ എന്ന അറിവ് അമൃതസ്വരൂപനായ നാരായണന് നമുക്കേകും. അങ്ങനെ ഒരുവന് അമരനാകാം; മറ്റൊരു വഴിയില്ല.
ഹിരണ്യകശിപുവിന്റെ വരങ്ങളെ മാനിച്ചു കൊണ്ടു തന്നെ മരണം ‘നരസിംഹ സ്വരൂപത്തിലെത്തി’ ധര്‍മ്മം നിറവേറ്റി. പ്രഹ്ലാദനൊഴിച്ച് ആ രൂപം എല്ലാവര്ക്കും അതിഘോരമായും, ഭീഷണമായും അനുഭവപ്പെട്ടു.
മൂന്നു ലോകങ്ങളും നരസിംഹാട്ടഹാസത്തില് വിറപൂണ്ടു. നരസിംഹമൂര്‍ത്തിയുടെ ചുവടു വയ്പില്‍ പ്രപഞ്ചം ചാഞ്ചാടി. പ്രഹ്ലാദന് മാത്രം മന്ദസ്മിതത്തോടെ ആ സംഹാരതാണ്ഡവം കണ്ടു രസിച്ചു നിന്നു. എന്തുകൊണ്ട്? ഏത് വേഷത്തില്‍, ആരു വന്നാലും അത് തന്റെ നാരായണനാണെന്ന തിരിച്ചറിവിലാണ് പ്രഹ്ലാദന് കഴിയുന്നത്. അഭയസ്വരൂപിയായ ശ്രീനാരായണന് ഏതു രൂപത്തില്‍ വന്നാലും അത് തിരിച്ചറിയാവുന്നതു കൊണ്ട് പ്രഹ്ലാദന് തരി പോലും ഉണ്ടായില്ല ഭയം. ലക്ഷ്മീദേവി പോലും ഭയം കൊണ്ട് ഭഗവാന് സമീപം ചെന്നില്ല.
പ്രഹ്ലാദസ്തുതിയിലൂടെ നരസിംഹമൂര്‍ത്തിയുടെ മഹിമയും, ഒരുവന് ജീവിതസാഗരം താണ്ടാനുള്ള വഴിയും ശ്രീശുകന്‍ വെളിപ്പെടുത്തുന്നു.
ബ്രഹ്മാവ്, ഇന്ദ്രന്, ശിവന്, ഋഷികള്‍, പിതൃക്കള്‍, സിദ്ധന്മാര്, വിദ്യാധരന്മാര്, നാഗങ്ങള്‍, മനുക്കള്‍, പ്രജാപതികള്‍, ഗന്ധര്വ്വന്മാര്, ചാരണന്മാര്, യക്ഷന്മാര്, കിംപുരുഷന്മാര്, വൈതാളികര്‍, കിന്നരന്മാര്, വിഷ്ണുപാര്ഷദന്മാര് ഇത്രയും പേരുടെ സ്തുതി കേട്ട് കോപമടങ്ങാത്ത നരസിംഹമൂര്‍ത്തി പ്രഹ്ലാദബാലന്റെ സ്തുതി കേട്ടപ്പോഴേ ശാന്തനായി.
ഉത്തമഭക്തന്റെ, ഉത്തമപ്രാര്‍ത്ഥന കേട്ട് നരസിംഹമൂര്‍ത്തി അരുളി:
”പ്രഹ്ലാദാ… നിനക്ക് മംഗളം ഉണ്ടാകട്ടെ! നിന്റെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ! നീ ആഗ്രഹിക്കുന്ന വരങ്ങളെല്ലാം സ്വീകരിച്ചു കൊള്ളൂ.”
പക്ഷേ പ്രഹ്ലാദ ബാലന് വരമൊന്നും ആഗ്രഹിച്ചില്ല. കാരണം വരങ്ങള്‍ ശാരീരിക തലത്തിലെ സുഖമേ നല്‍കൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത്തരം സുഖങ്ങള്‍ ജീവനെ ബന്ധിക്കും.
വസിഷ്ഠ രാമായണം ഇങ്ങനെ പറയുന്നു.
ഒടുവില്‍ പ്രഹ്ലാദന്, ‘എനിക്കു വേണ്ടത് എന്തെന്ന് അവിടുന്ന് നിശ്ചയിക്കൂ’ എന്ന് പ്രാര്‍ത്ഥിച്ചു. അതിന് ഉത്തരമായി ഭഗവാന് അരുളി, ‘ബ്രഹ്മാനുഭൂതി ഉണ്ടാകും വരെ നിനക്ക് ആത്മവിചാരം ചെയ്യാന്‍ കഴിയട്ടെ.”
‘സര്‍വ്വ സംഭ്രമസംശാന്തൈ്യ പരമായ ഫലായ ച
ബ്രഹ്മവിശ്രാന്തി പര്യന്തോ വിചാരോളസ്തു തവാനഘ.'(വ.രാ)
ശ്രീ നൃസിംഹമൂര്‍ത്തി കൃപയാല്‍ ആത്മവിചാരം ചെയ്യാന്‍ നമുക്കും കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: