പ്രഹ്ലാദന്‍ നരസിംഹ മൂര്‍ത്തിയെ സ്തുതിച്ചു പറഞ്ഞു, ”പ്രഭോ, അവിടുത്തെ ഭയങ്കരമായ വായ, വാളു പോലുള്ള നാവ്, സൂര്യസമം ജ്വലിക്കുന്ന, വട്ടം കറങ്ങുന്ന മിഴികള്‍, വളര്‍ന്ന പു
രികക്കൊടികള്‍, രക്തത്തുള്ളികള്‍ തെറിച്ചു വീണ ഭീഷണമായ കുഞ്ചിരോമങ്ങള്‍, നാടുനടക്കുന്ന അട്ടഹാസങ്ങള്‍. ശത്രുവിന്റെ മാറ് പിളര്‍ന്ന കൂര്‍ത്ത മൂര്‍ത്ത നഖങ്ങള്‍. ഇതൊന്നും കണ്ടിട്ട് എനിക്ക് പേടി വരുന്നില്ല.
ഈ സംസാര ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയാണ് എനിക്ക് ഭയം. ഞാന്‍ അസുരവംശത്തില്‍ പിറന്നിട്ടും കാരുണ്യപൂര്‍വ്വം എനിക്ക് അവിടുന്ന് അഭയം തന്നുവല്ലോ”.
”പ്രഭോ… അങ്ങാണ് സര്‍വ്വതും. മാതാപിതാക്കളുടെ രൂപത്തില്‍ അങ്ങ് മക്കളെ രക്ഷിക്കുന്നു, ഔഷധരൂപത്തില്‍ രോഗിയെ രക്ഷിക്കുന്നു, തോണിയുടെ രൂപത്തില്‍ വെള്ളത്തില്‍ മുങ്ങുന്നവനെ രക്ഷിക്കുന്ന.ു എല്ലാം, അങ്ങു തന്നെയാണ്”.
”അധികാരത്തിന്റേയും ധനത്തിന്റേയും നിസാരത ഞാന്‍ കണ്ടു കഴിഞ്ഞു. എന്റെ അച്ഛന്‍ കോപിച്ചൊന്ന് നോക്കിയാല്‍ മൂന്നു ലോകവും ഭയന്നു വിറക്കുമായിരുന്നു. അദ്ദേഹത്തെയാണ് ക്ഷണനേരം കൊണ്ട് അവിടുന്ന് യമപുരിയ്‌ക്ക് അയച്ചത്. കാലസ്വരൂപനായ അങ്ങയെ മറികടക്കാന്‍ യാതൊന്നിനും സാധ്യമല്ല. അതിന് ഇതിനേക്കാള്‍ വലിയ തെളിവെന്ത്?”
”ഭഗവാനെ! മനസിനെ മെരുക്കുക അതീവ ദുഷ്‌കരം. ഒന്നിലധികം ഭാര്യമാരുള്ള ഒരുവന്റെ അവസ്ഥ പോലെയാണത്. ഓരോ ഭാര്യയും ഒരേ സമയം പല കാര്യങ്ങള്‍ക്കായി വിളിക്കും പോലെയാണത്. കണ്ണ് വേണ്ടാത്ത കാഴ്ചയിലേക്ക് മനസിനെ കൊണ്ടുപോകുന്നു, നാവ് ആഹാരത്തിലേക്ക്, ചെവി വിഷയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നു. മൂക്ക് സുഗന്ധം തേടുന്നു. ജനനേന്ദ്രിയമാകട്ടെ ഭോഗ സുഖം തേടുന്നു.
ഇങ്ങനെ ജീവനെ ഇട്ട് വാസനകള്‍ വലയ്‌ക്കുകയാണ്. ഇതിന് പരിഹാരം ഒന്നേയുള്ളു അവിടുത്തെ കഥകള്‍ കേള്‍ക്കുക മാത്രം.”
”ഗൃഹസ്ഥന്മാര്‍ അനുഭവിക്കുന്ന സുഖം സുഖമല്ല. ചൊറി വന്നാല്‍ ചൊറിയുമ്പോഴുള്ള സുഖം പോലെയാണത്. ചൊറി, ചെറിഞ്ഞാല്‍ വേദന കൂടും. വൃണം വലുതാകും. ചൊറിയാതിരുന്നാല്‍ തനിയെ മാറും. ഇതുപോലെ വിഷയസുഖങ്ങളെ ഒഴിവാക്കുകയാണ് അതില്‍ നിന്നും മോചനം നേടാനുള്ള വഴി.”
ഒടുവില്‍ ബാലനായ ആ മഹാത്മാവ് പ്രസന്നനായ നരസിംഹ മൂര്‍ത്തിയോട് പ്രാര്‍ത്ഥിച്ചു.
”ദുഃഖിതരായ എല്ലാവരേയും രക്ഷിക്കണേ! എനിക്കു മാത്രമായി മുക്തി വേണ്ട… ഈ ലോകത്തുള്ള അജ്ഞാനികളെയെല്ലാം മുക്തരാക്കിയതിനുശേഷം മാത്രമേ എനിക്ക് മുക്തനാകാന്‍ ആഗ്രഹമുള്ളു. ഇവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറ്റാരേയും കാണുന്നില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: