കോട്ടയം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള യുജിസി പഠന പദ്ധതി പ്രകാരം കേരളത്തിലും ഈ വര്‍ഷം ആരംഭിക്കുന്ന നാലുവര്‍ഷ ഓണേഴ്സ് ബിരുദപഠനത്തിന്റെ അന്തസത്തക്കെതിരായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്കി. കേന്ദ്രസര്‍ക്കാര്‍ എന്തു നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും രാഷ്ട്രീയ ശത്രുത കണക്കിലെടുത്ത് എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന്റെ കാര്യത്തില്‍ യുജിസി നിര്‍ദ്ദേശം അട്ടിമറിക്കുകയാണിവിടെ. രാജ്യമെമ്പാടും നടപ്പാക്കുന്ന നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തില്‍ ഒന്നാംവര്‍ഷം വിജയകരമായ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമയും മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും നാലുവര്‍ഷവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. എന്നാല്‍ കേരളത്തിലാവട്ടെ, ഒന്നും രണ്ടും വര്‍ഷപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ എന്നിവ എടുത്തുകളയുകയാണ്. ഇതുവഴി ഒന്നും രണ്ടും വര്‍ഷപഠനം പൂര്‍ത്തിയാക്കി പിന്മാറുന്നവര്ക്ക് അതുവരെയുളള പഠനം പാഴാകുന്ന സ്ഥിതിയുണ്ടാകും. എന്തിനാണ് ഇത്തരമൊരു പരിഷ്കാരം എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
മള്‍ട്ടിപ്പിള്‍ എന്‍ട്രിയും മള്‍ട്ടിപ്പിള്‍ എക്സിറ്റുമാണ് നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമിന്റെ എണ്ണപ്പെട്ട സവിശേഷത. അതായത് ഓരോ അധ്യയന വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പഠനം ഉപേക്ഷിച്ചാലും അതുവരെയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മാത്രമല്ല, യോഗ്യതയുണ്ടെങ്കില്‍ നാലുവര്ഷകോഴ്സില് ഏത് വര്‍ഷവും പഠനത്തിനു ചേരുകയുമാവാം. ഇത്തരത്തിലുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്സിറ്റ് സമ്പ്രദായമാണ് കേരളം എടുത്തുകളയുന്നത്. ഇതടക്കം മറ്റുചില ഘടനാപരമായ പരിഷ്കാരങ്ങളും കേരളം നടത്തുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: