തിരുവനന്തപുരം: കനത്ത മഴയില്‍ നഗരവും നഗരവാസികളും ദുരിതത്തിലാകുമ്പോഴും വെള്ളക്കെട്ട് ജനങ്ങളെയും വ്യാപാരികളെയും വറുതിയിലേക്കും പകര്‍ച്ചവ്യാധികളിലേക്കും തള്ളിവിടുമ്പോഴും യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ അനന്തപുരിയിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട് നഗരഭരണകൂടം ഉറക്കം നടിക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്താത്തതാണ് അപ്രതീക്ഷിത വെള്ളക്കെട്ടിലേക്ക് നഗരം വീഴാന്‍ കാരണം.
മഴയെയാണ് നഗരസഭയും മേയര്‍ ആര്യാ രാജേന്ദ്രനും പഴിക്കുന്നത്. മഴയെ പഴിക്കുന്ന മേയര്‍ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയത്. മഴക്കാല പൂര്‍വ ശുചീകരണം നടത്താത്തത് കൂടാതെ ആറുകളിലേയും തോടുകളിലെയും ഓടകളിലേയും കൈയേറ്റവും നഗരവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിനു കാരണമാക്കി. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ട് ഏഴു മാസമായിട്ടും ഇതുവരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. നഗരസഭ കൃത്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തുടരുന്ന മഴയില്‍ നഗരം അപ്പാടെ വെള്ളത്തില്‍ മുങ്ങുമെന്നാണ് നഗരവാസികള്‍ പറയുന്നത്.
നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ മഴ പെയ്തെങ്കിലും ഉച്ചയോടെ മഴ മാറിനിന്നു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും ചാലയിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. അട്ടക്കുളങ്ങരയില്‍ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണത്തിനായെടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയില്‍ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കുഴിയും നിര്‍മാണ സാമഗ്രികളുമായി കിടക്കുന്ന സ്മാര്‍ട്ട് സിറ്റി റോഡിലൂടെയുള്ള മഴയത്തുള്ള യാത്ര വലിയ ദുരിതമാണ് നഗരവാസികള്‍ക്കു സമ്മാനിക്കുന്നത്. മുക്കോലയ്ക്കലിലും ഉള്ളൂര്‍ ശ്രീചിത്രനഗറിലും വലിയതുറ ഭാഗങ്ങളിലും വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകാനാണ് സാധ്യത.
കാലവര്‍ഷത്തിനു മുന്‍പ് നഗരത്തിലെ ഓടകളും തോടുകളും വൃത്തിയാക്കി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാരും നഗരസഭയും പറഞ്ഞെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന കാലവര്‍ഷത്തില്‍ നഗരത്തിലെ പലഭാഗങ്ങളും വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിലെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ എട്ട് മാസം പിന്നിട്ടിട്ടും കാര്യമായ പ്രവൃത്തികള്‍ നടന്നിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു. അട്ടക്കുളങ്ങര, മണക്കാട്, എന്‍എച്ച് ബൈപ്പാസിന്റെ സര്‍വീസ് റോഡ്, ചാല, ജഗതി, കണ്ണമൂല, മുട്ടട, വയലിക്കട, മുട്ടത്തറ, ശ്രീവരാഹം, ചാക്ക, കഴക്കൂട്ടം മേഖലകളില്‍ വെള്ളം കയറി. പൂന്തിറോഡിലെ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. ശംഖുമുഖം, കുളത്തൂര്‍ എസ്എന്‍ നഗര്‍, അട്ടക്കുളങ്ങര, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം നഗരത്തിലുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ജലാശയങ്ങളിലെ മാലിന്യവും ചെളിയും നീക്കം ചെയ്യാതെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകില്ല. വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന്റെ പേരിലും പെരുമാറ്റചട്ടത്തിന്റെയും മറവിലും ഒന്നും ചെയ്യാതെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. കാര്യമായി ഇടപെടാന്‍ സര്‍ക്കാരിനോ നഗരസഭയ്ക്കോ സാധിച്ചില്ല. നഗരത്തിലെ പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളിലെ ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നെങ്കില്‍ വെള്ളക്കെട്ടിനു ശ്വാശ്വത പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. പ്രവൃത്തികള്‍ തുടങ്ങിയിടങ്ങളില്‍ വീണ്ടും ഈ മഴയത്ത് ചെളിയും മറ്റും അടിയുമെന്ന ആശങ്കയിലാണ്. നഗരത്തിലെ പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളായ ഉള്ളൂര്‍ തോടിനും പട്ടം തോടിനും 12 മീറ്റര്‍ വരെ വീതിയുണ്ട്.
മുട്ടടയില്‍ നിന്നും പ്ലാമൂട് വഴി കുന്നുകുഴിയില്‍ എത്തുന്ന തോടിന് പത്തു മീറ്ററാണ് വീതി. ഇവയെല്ലാം വന്നു ചേരുന്നത് കണ്ണമൂല ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലാണ്. എന്നാല്‍ ആമയിഴഞ്ചാന്‍ തോടിന് എട്ടു മീറ്റര്‍ മാത്രമാണ് വീതി. ഇക്കാരണങ്ങളാലാണ് നഗരത്തില്‍ മഴ പെയ്താല്‍ ഇതിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിലാകാന് പ്രധാന കാരണം. മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും മാറ്റാന്‍ കാലതാമസമെടുക്കുന്നതോടെ നഗരം ഒരു ചെറിയ മഴയില്‍ വെള്ളക്കെട്ടില്‍ അമരും. വേളി പൊഴി കൃത്യസമയത്ത് മുറിക്കാത്തതും വെള്ളം കടലിലേക്ക് ഒഴുകാന്‍ താമസമെടുക്കുന്നു. കഴിഞ്ഞ. വര്‍ഷം പെയ്ത മഴയെത്തുടര്‍ന്ന് 100 ദിവത്തിനുള്ളില്‍ തോടുകള്‍ വൃത്തിയാക്കണമെന്ന കളക്ടര്‍ നല്കിയ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.
കനത്ത മഴയില്‍ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടില്‍ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളെന്ന പേരില്‍ കോര്പറേഷന് രംഗത്തെത്തിയിട്ടുണ്ട്. ഓപ്പറേഷന് അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. മഴക്കെടുതിയില്‍ ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം. കൃത്യമായ ആസൂത്രണമില്ലായ്മയും നഗരസഭയുടെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ മെല്ലെപ്പോക്കും കാരണമാണ് ജനം ഈ ദുരിതം സഹിക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: