Kerala

പൊറ്റെക്കാട്ടിന് ബാലി സാത്വികത തിരിച്ചറിയാന്‍ കഴിഞ്ഞില്ല: ആഷാമേനോന്‍

സഞ്ചാരിയുടെ കടംകഥ പ്രകാശനം ചെയ്തു

Published by

കോഴിക്കോട്: ഭാരതീയ സാഹിത്യമേഖലയില്‍ സഞ്ചാരിയെന്ന പദത്തിന് അര്‍ഹന്‍ എസ്.കെ. പൊറ്റെക്കാട്ട് മാത്രമാണെങ്കിലും ബാലിയുടെ സാത്വികത തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സാഹിത്യവിമര്‍ശകന്‍ ആഷാമേനോന്‍. കെ.പി.ശശിധരന്‍ എഴുതിയ ‘സഞ്ചാരി പറഞ്ഞ കടംകഥ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലിദ്വീപിനെകുറിച്ച് എഴുതിയപ്പോള്‍ എസ്.കെയ്‌ക്ക് ഇല്ലാതെ പോയത് ഭാരതീയഭാവമായിരുന്നു. ഭൂഖണ്ഡങ്ങള്‍ താണ്ടുമ്പോഴും യാത്ര അവനവനെ കണ്ടെത്താനുള്ളതാണ്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പൊറ്റെക്കാട്ടിന് അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഹിമാലയന്‍ യാത്രാ വിവരണം വായനക്കാരന് ഈ തിരിച്ചറിവ് നല്‍കുന്നതാണ്.

ബാലിയുടെ പരിശുദ്ധിയും സ്വാത്വികതയും പൊറ്റെക്കാടിന്റെ ബാലിദ്വീപില്‍ കാണാനാകില്ല. മിഗല്‍ കൊവറൂബയ എന്ന എഴുത്തുകാരനെ സാമാന്യമായും അസാമാന്യമായും അവലംബിച്ചാണ് പൊറ്റെക്കാട്ട് ബാലിദ്വീപിനെകുറിച്ചെഴുതിയത്. ഇത് കണ്ടുപിടിക്കുകയും സമചിത്തതയോടെ അശേഷം ആക്ഷേപമില്ലാതെ അവതരിപ്പിക്കുകയുമാണ് ശശിധരന്‍ ചെയ്തിരിക്കുന്നത്. ബാലിയുടെ വീണ്ടെടുപ്പാണ് ഗ്രന്ഥരചനയിലൂടെ കെ.പി. ശശിധരന്‍ യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ പി.ആര്‍. നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

സഞ്ചാരസാഹിത്യത്തെ മുഖ്യധാരാ സാഹിത്യത്തിലേക്കെത്തിച്ച എസ്.കെ. പൊറ്റെക്കാട്ട് ബാലിസ്ത്രീകളെ ചരക്ക് എന്ന വാക്കിലൂടെയാണ് അവതരിപ്പിച്ചതെന്ന് കെ.പി. ശശിധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ആത്മാഭിമാനമേറെയുള്ള ബാലി സ്ത്രീകളെകുറിച്ച് ഡച്ചുകാര്‍ എഴുതിപ്പിടിപ്പിച്ചതിനെ അന്ധമായി അനുകരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ത്ത വിചാരത്തില്‍ അന്തര്‍ജ്ജനത്തെ സാധനമായി വിശേഷിപ്പിച്ച പോലെ അമാനവികതയുടെ ഭാഗമാകുകയായിരുന്നു എസ്.കെ. പൊറ്റെക്കാട്.

അദ്ദേഹത്തെ കൊച്ചാക്കാനുള്ള ശ്രമമല്ല ഈ കൃതി. അന്ധമായി അനുകരിച്ചെഴുതിയതിലൂടെ എസ്.കെ. പൊറ്റെക്കാട്ട് കഥ കടംവാങ്ങുകയായിരുന്നുവെന്നാണ് പറയാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, കെ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക