കൊല്‍ക്കത്ത: ഭാരത് സേവാശ്രം സംഘത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വക്കീല്‍ നോട്ടീസ്. മൂര്‍ഷിദാബാദ് ജില്ലയിലെ ബഹ്‌റാംപൂര്‍ ഭാരത് സേവാശ്രമം സംഘം സ്വാമി പ്രദീപ്താനന്ദ മഹാരാജ് (കാര്‍ത്തിക് മഹാരാജ്) ആണ് മമതാ ബാനര്‍ജിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തതായി സ്വാമി പറഞ്ഞു. ആത്മീയാചാര്യന്‍ എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഞങ്ങളെ ബാധിക്കില്ല. എന്നാല്‍ ജനങ്ങളെ സേവിക്കലാണ് ഞങ്ങളുടെ കടമ. എന്നാല്‍ ഞങ്ങളുടെ സ്ഥാപനത്തെ അവഹേളിച്ചത് ഒരിക്കലും സ്വീകാര്യമല്ലെന്നും സ്വാമി പറഞ്ഞു.
ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ഞാനൊരു സംന്യാസിയാണ്. ഒരു പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും സ്വാമി വ്യക്തമാക്കി. മമതയ്‌ക്ക് ആരോപണം തെളിയിക്കാന്‍ ഒരിക്കലും സാധിക്കില്ല.
രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രം സംഘവും ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ബിജെപിക്ക് രാഷ്‌ട്രീയ സഹായം ചെയ്തുവെന്നായിരുന്നു മമതയുടെ ആരോപണം. ആചാര്യന്മാര്‍ക്ക് നേരെയുള്ള മമതയുടെ വിമര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: