Kerala

സെമിനാര്‍ കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 24 മുതല്‍

Published by

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ണില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 മുതല്‍ 26 വരെ നടക്കുന്ന 21-ാമത് സംസ്ഥാന സമ്മേളനം ഹൈന്ദവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് 24ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. വൈക്കം സത്യഗ്രഹ സമരനായകന്‍ ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍ ഭദ്രദീപം തെളിയിക്കും. ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനാകും. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഓര്‍ഗനൈസര്‍ വാരിക ചീഫ് റിപ്പോര്‍ട്ടര്‍ പ്രഫുല്ല പ്രദീപ് കേത്കര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഐക്യവേദി വക്താവ് ഇ.എസ്. ബിജു വൈക്കം സത്യഗ്രഹ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഐക്യവേദി വക്താവ് ആര്‍.വി. ബാബു സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.വി. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറയും.

25ന് ഹിന്ദു നേതൃസമ്മേളനം വൈക്കം വടക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കും. മാതാ അമൃതാനന്ദമയീ മഠം മുഖ്യകാര്യദര്‍ശി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി വിഷയാവതരണം നടത്തും.

വര്‍ദ്ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്ഷേത്ര ആചാരങ്ങളിലെ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍, തൃശ്ശൂര്‍ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കല്‍, പട്ടിക ജാതി-പട്ടിക വര്‍ഗ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴില്‍ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കും. തുടര്‍ന്നു നടക്കുന്ന നേതൃസമ്മേളനത്തില്‍ 220ല്‍ അധികം സമുദായ സംഘടനകളിലെ 350ലേറെ നേതാക്കള്‍ പങ്കെടുക്കും.

26ന് പ്രതിനിധി സമ്മേളനം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഐക്യവേദി സംസ്ഥാന നേതാക്കളായ കെ.പി. ഹരിദാസ്, പി. സുധാകരന്‍, നിഷ സോമന്‍, മഞ്ഞപ്പാറ സുരേഷ്, ഷൈനു ചെറോട്ട്, ആര്‍.വി. ബാബു, ഇ.എസ്.ബിജു, സി. ബാബു, വി. സുശി കുമാര്‍, പി. ജ്യോതിന്ദ്രകുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി വക്താവ് ഇ.എസ്.ബിജു, മഹിളാഐക്യവേദി അധ്യക്ഷ ബിന്ദു മോഹന്‍, സംസ്ഥാനസമിതി അംഗം പ്രൊഫ.ടി. ഹരിലാല്‍, എം.വി. ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍ കുമ്മനം, ആര്‍. ജയചന്ദ്രന്‍, സിന്ധു ജയചന്ദന്‍ എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by