മുംബൈ: മോദി എന്ന രാമഭക്തന് കാരണമാണ് അയോധ്യാക്ഷേത്രം യാഥാര്‍ത്ഥ്യമായതെന്ന് രാജ് താക്കറെ. അടുത്ത അഞ്ച് വര്‍ഷവും മോദിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് മോദിയുടെ വിമര്ശകന് കൂടിയായ രാജ് താക്കറെ വീണ്ടും മോദിയെ അഭിനന്ദിക്കുന്ന പ്രസംഗം ജനങ്ങള്‍ ആരവങ്ങളോടെ എതിരേറ്റു.
തിങ്കളാഴ്ച നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയിലെ ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് രാജ് താക്കറെ മൂന്ന് ദിവസം മുന്‍പ് നടത്തിയ ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. പ്രധാനമന്ത്രി മോദി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു രാജ് താക്കറെയുടെ ഈ പ്രസംഗം.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും പങ്കെടുത്തിരുന്നു. ബിജെപിയ്ക്കൊപ്പം അജിത് പവാറിന്റെ എന്‍സിപി, അത്തേവാലയുടെ ആര്‍പിഐ, ഷിന്‍ഡേയുടെ ശിവസേന എന്നിവരും ഈ റാലിയില്‍ പങ്കെടുത്തിരുന്നു. ശിവജി പാര്‍ക്കില്‍ ലക്ഷങ്ങളാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. മറാഠി ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുക, മറാത്ത ചക്രവര്‍ത്തിയുടെ ജീവചരിത്രം ഇന്ത്യയില്‍ മുഴുവന്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുക, കൊങ്കണ്‍ തീരത്തുകൂടെ കടന്നുപോകുന്ന മുംബൈ-ഗോവ ഹൈവേ നിര്‍മ്മാണപ്രവര്‍ത്തനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും രാജ് താക്കറെ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: