കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഒന്നാം പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍. പി. ഗോപാലന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി.
രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി എസ്. മുരളികൃഷ്ണ ഈമാസം 27 ലേക്ക് മാറ്റിയത്. പോലീസ് റിപ്പോര്‍ട്ട് നല്കാന് കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് കെ.എന്‍. ജയകുമാറിന്റെ വാദത്തെ തുടര്‍ന്നാണ് നടപടി.
രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാലാണ് അമ്മയെയും സഹോദരിയെയും പ്രതി ചേര്‍ത്തതെന്നും പോലീസ് ബോധപൂര്‍വ്വം റിപ്പോര്‍ട്ട് വൈകിപ്പിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകന് ഷമീം പക്സാന് വാദിച്ചു.
അതേസമയം പോലീസ് ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇന്നലെ എറണാകുളത്തെ വീട്ടിലെത്തി മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തി. പ്രതി രാഹുല്‍ ജര്‍മ്മന്‍ പൗരന് ആണോയെന്നതും ഇയാള്‍ ജര്‍മ്മനിയില്‍ എവിടെയാണെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: