ന്യൂഡല്‍ഹി: കാപ്പിയും ചായയും അധികമായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പും ഒരു മണിക്കൂര്‍ പിമ്പും കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആര്‍.നിര്‍ദേശിക്കുന്നു. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് അതിന്റെ അഡിക്ഷന്‍ ഉണ്ടാക്കുമെന്നതിനാലാണ് കാപ്പി കുറച്ച് ഉപയോഗിക്കണമെന്ന് പറയുന്നതിന് കാരണം. ചായ നിര്‍ബന്ധമാണെങ്കില്‍ തന്നെ പാല്‍ ചേര്‍ക്കാതെ കുടിക്കുന്നതാണ് ഉചിതം. നല്ല ആരോഗ്യത്തിനും ഭക്ഷണശീലങ്ങള്‍ക്കുമായി പുറത്തിറക്കിയ നല്ല ശീലങ്ങളുടെ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന ടാനിന്‍ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനു തടസമാകുമെന്നാണ് നിരീക്ഷണം. മനുഷ്യനുണ്ടാകുന്ന പകുതിയിലേറെ രോഗങ്ങള്‍ക്കും ഭക്ഷണശീലങ്ങളാണ് കാരണമെന്ന് ഐസിഎംആര്‍ അഭിപ്രായപ്പെടുന്നു. മധുരവും ഉപ്പും എണ്ണയും കൊഴുപ്പും ആവശ്യത്തിന് മാത്രം ഉപയോഗിക്കണം, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കണം, പച്ചക്കറികളും പയറുവര്‍ഗങ്ങളും ധാരാളമായി കഴിക്കണം തുടങ്ങിയ പതിവു നിര്‍ദ്ദേശങ്ങളും ഐസിഎംആറിന്‌റെ നല്ല ശീലങ്ങളുടെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: