Kerala

നാരദമഹര്‍ഷിയുടെ പൂര്‍വ്വ ജീവിതകഥ

Published by

സ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത്
വിമുച്യതേ നമസ്തസൈ്യ വിഷ്ണവേ പ്രഭ വിഷ്ണവേ

സ്മരണമാത്രേണ തന്നെ ഭക്തന്മാരുടെ ജനനമരണാദി ദുഃഖങ്ങളകറ്റുന്ന വിഷ്ണു ഭഗവാന്റെ കഥ പറയുന്ന ശ്രീമദ് ഭാഗവതം പ്രഥമ സ്‌കന്ദത്തിലെ ആറാം അധ്യായത്തിലാണ് നാരദമഹര്‍ഷിയുടെ പൂര്‍വ്വ വൃത്താന്തം പരാമര്‍ശിക്കുന്നത്. വ്യാസ നാരദ സംവാദത്തില്‍ വ്യാസഭഗവാന് ആശ്വാസമരുളുവാനാണ് ഈ കഥ പറയുന്നത്. പൂര്‍വ്വ ജന്മരഹസ്യം നാരദ മഹര്‍ഷിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നതും വ്യാസ മഹര്‍ഷിക്ക് ഒരു അത്ഭുതമായിരുന്നു. വേദങ്ങളും പുരാണങ്ങളും പഞ്ചമവേദമായ ശ്രീ മഹാഭാരതവും മനഃപാഠമാക്കിയ വ്യാസ മഹര്‍ഷിക്ക് ഭഗവാനെ പൂര്‍ണ്ണമായി പറയാന്‍ കഴിഞ്ഞില്ല എന്ന ദുഃഖത്തിന് പരിഹാരമായാണ് ശ്രീമദ്ഭാഗവത രചനയ്‌ക്കായി നാരദ മഹര്‍ഷി പ്രേരണ നല്‍കുന്നതും അതിനായി പൂര്‍വ്വകഥ പറഞ്ഞുകൊടുക്കുന്നതും.

ലോകസൃഷ്ടി ഭഗവാന്‍ നാരായണന്റെ ഇച്ഛയില്‍ നിന്നാണ് സംഭവിക്കുന്നത്. ഭഗവാന്‍ അദ്ദേഹം 16 കലകളോടുകൂടിയ വിരാട് പുരുഷന്റെ രൂപം സ്വീകരിച്ചു. നാരായണനാഭിയില്‍ നിന്നുണ്ടായ ബ്രഹ്മാവ് ലോക സൃഷ്ടി നടത്തി. സത്ത്വമയനായ ഭഗവാന്റെ ഉത്കൃഷ്ടരൂപത്തിന്റെ അംശങ്ങള്‍ തന്നെയാണ് ദേവന്മാരും, മനുഷ്യരും തിര്യത്തുകളും സൃഷ്ടി സത്വഗുണത്തില്‍ അധിഷ്ഠിതമാണ്. ശുദ്ധ സത്ത്വഗുണം രജസ്തമോ ഗുണങ്ങളില്‍ അമര്‍ത്തപ്പെടുന്ന സത്ത്വഗുണത്തിന് മലിന സത്ത്വഗുണമെന്ന് പറയുന്നു. ഇതില്‍ നിന്ന് ജീവനും ശുദ്ധ സത്ത്വഗുണത്തില്‍ നിന്ന് സൃഷ്ടിയോടൊപ്പം ഭഗവദ് അവതാരങ്ങളുണ്ടാകുന്നു. ഇതെല്ലാം മായയ്‌ക്ക് അധീനമായാണ് നടക്കുന്നത്. നിര്‍ഗുണ തത്ത്വത്തില്‍ മായയുടെ അംശം കലരുമ്പോള്‍ അവതാര സ്വരൂപം ഉണ്ടാകുന്നു. ഭഗവാന്റെ അവതാരങ്ങള്‍ പ്രധാനമായും 22 ആണ് സനകാദികള്‍, വരാഹം,നാരദന്‍, നരനാരായണന്മാര്‍, കപിലന്‍, ദത്താത്രേയന്‍, യജ്ഞന്‍, ഋഷഭദേവന്‍, പൃഥു, മത്സ്യം, കൂര്‍മ്മം, ധന്വന്തരി, മോഹിനി, നരസിംഹം, വാമനന്‍, പരശുരാമന്‍, വേദവ്യാസന്‍, രാമന്‍, ബലരാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ഖഡ്ഗി, ഭഗവാന് ഹംസാവതാരവും ഹയഗ്രീവാവതാരവും കൂടി ചേര്‍ത്ത് 24 ആയി ചിലയിടത്ത് പറയുന്നുണ്ട്. സൃഷ്ടിക്കുമുമ്പ് ജീവന്‍ ഇല്ലാതിരുന്നതിനാല്‍ സൃഷ്ടിയുടെ ഉത്പന്നി കണ്ടവരാരുമില്ല സൃഷ്ടിയുടെ ഉല്പത്തിയെ മനസ്സിലാക്കുക എളുപ്പമല്ല. എല്ലാം സ്വപ്‌നം പോലെയാണ് ഇല്ലാതാകുന്ന ഒന്നും സത്യമല്ല. സ്വപ്‌നവും അങ്ങനെയാണ്. ജീവന്‍ മായക്ക് അധീനമാണ്. അതിനാല്‍ അവിദ്യാത്വം പ്രദാനം ചെയ്യുന്നു. ജീവന്‍ ജനിക്കുന്നതായും മരിക്കുന്നതായും തോന്നുന്നു. മഹാഭാരതം നിര്‍മ്മിച്ച വ്യാസഭഗവാന് ഒരു സംതൃപ്തി വന്നില്ല.

ഭാഗവനെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന തോന്നല്‍ കലശാലപ്പോഴാണ് നാരദമഹര്‍ഷിയുടെ രംഗപ്രവേശം. തന്റെ ദുഃഖം നാരദനെ അറിയിക്കുമ്പോഴാണ് നമുക്കും നാരദരുടെ പൂര്‍വ്വ വൃത്താന്തം അറിയാന്‍ കഴിയുന്നത്. ഭഗവാന്റെ യശസ്സിനെ പ്രകീര്‍ത്തിക്കാത്ത ഒരു കൃതിയും ഭഗവത് പ്രീതിക്ക് പാത്രമാകുന്നില്ല. ധര്‍മ്മം മുതലായ പുരുഷാര്‍ത്ഥങ്ങള്‍ക്കു നല്‍കിയ പ്രാധാന്യം ഭഗവാന്‍ വാസുദേവ മാഹാത്മ്യം വര്‍ണ്ണിക്കുന്നതിന് നല്‍കിയിട്ടില്ല. അങ്ങ് ആരാണെന്ന് ചിന്തിക്കൂ. പരമാത്മാവായ ഭഗവാന്റെ കലയോടെ വിശ്വമംഗളത്തിനായി ജനിച്ചവനാണ്. ഭഗവാന്റെ ഗുണ ഗണങ്ങളെ വര്‍ണ്ണിക്കുന്നതാണ് മനുഷ്യ തപസ്സിന്റേയും ശ്രവണത്തിന്റേയും യജ്ഞത്തിന്റേയും പ്രയോജനം. ഒന്നുകൂടി വ്യക്തമാക്കുവാനായി പൂര്‍വ്വകഥ നാരദന്‍ വ്യാസന് പറഞ്ഞുകൊടുക്കുന്നു.

നാരദന്‍ കഴിഞ്ഞ ജന്മത്തില്‍ വേദജ്ഞരായ മുനിമാരുടെ ദാസീപുത്രനായിരുന്നു. മഴക്കാലത്ത് ഒരിടത്തു വസിക്കുന്ന മുനിമാരെ പരിചരിക്കുവാനുള്ള ഭാഗ്യം കിട്ടി. ബാല ചാപല്യമില്ലാതെ ഇന്ദ്രിയങ്ങളെ കീഴടക്കി കളികളില്‍ വിരക്തനായി മിതഭാഷിയായി ശുശ്രൂഷാനിരതനായ എന്നില്‍ അവര്‍ക്ക് കാരുണ്യമുണ്ടായി. അവര്‍ പാകം ചെയ്ത പാത്രത്തില്‍ ശേഷിക്കുന്നത് എനിക്കു നല്‍കും. അതുമൂലം ബുദ്ധി പരിശുദ്ധമായി സത്കര്‍മ്മങ്ങളില്‍ താല്പര്യം ജനിച്ചു. അവര്‍ കൃഷ്ണകഥകള്‍ ആലപിക്കാറുണ്ടായിരുന്നു. ക്രമേണ ഭഗവത് ഭക്തി സുസ്ഥിരമായി. ഈ നശ്വരശരീരം ബ്രഹ്മത്തില്‍ മായയില്‍ കല്പിക്കപ്പെട്ടതെന്ന് മനസ്സിലായി. വര്‍ഷകാലത്തും ശരത് കാലത്തും ത്രിസന്ധ്യകളില്‍ ആ മഹാമുനിമാര്‍ ഭഗവാന്റെ നിര്‍മ്മല യശസ്സിനെ വാഴ്‌ത്തുന്നതുകേട്ട് എനിക്ക് രാജസ്തമോ ഗുണഹീനവും ശുദ്ധവുമായ സാത്വിക ഭക്തി ഉണ്ടായി. അവര്‍ യാത്രപോകുന്ന വേളയില്‍ ഭഗവാന്റെ രഹസ്യം നിറഞ്ഞ ജ്ഞാനം ഉപദേശിച്ചുതന്നു. വാസുദേവന്റെ മായാവൈഭവും അതിനെ തരണം ചെയ്യുന്നതിനുള്ള ഉപായവും മനസ്സിലാക്കി. കൃഷ്ണതിരുനാമഗുണാദികളെ സ്മരിച്ചും ജപിച്ചും ഭഗവദാജ്ഞയനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യാന്‍ പഠിച്ചു. ഭഗവാന്‍ കൃഷ്ണന്‍ തന്നെയാണ് എനിക്ക് ജ്ഞാനൈശ്വര്യാദികള്‍ പ്രദാനം ചെയ്തത്. അതിനാല്‍ വ്യാസമഹര്‍ഷിയും ഭഗവാന്റെ അനന്തമാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുക. ദുഃഖശാന്തിയുണ്ടാകും. ഇത് വ്യാസമഹര്‍ഷി നാരദമഹര്‍ഷിയോട് പൂര്‍വ്വ് ജന്മ സ്മരണ നശിക്കാതിരിക്കാനെന്ത് കാരണമെന്ന് ചോദിച്ചതിനും നാരദന്‍ മറുപടി നല്‍കി.

മുനിമാര്‍ പോയതിനുശേഷം കുറച്ചുകാലം മാതാവിനോടൊപ്പം താമസിച്ചു. ഒരു നാള്‍ പശുവിനെ കറക്കാന്‍ പോയ മാതാവ് കാലയോഗം കൊണ്ട് സര്‍പ്പദംശനമേറ്റ് മരിച്ചു. ഇത് ദുഃഖം ഉണ്ടാക്കിയെങ്കിലും ശേഷിച്ച ജീവിതം ഈശ്വരഹിതമാണെന്ന് കരുതി ജീവിച്ചു. വിവിധ ഗ്രാമങ്ങള്‍, ജനങ്ങള്‍, പുരങ്ങള്‍, രാജകൊട്ടാരങ്ങള്‍ താണ്ടി ഒരു ഘോരവനത്തിലെത്തിച്ചേര്‍ന്നു. യാത്രയില്‍ ക്ഷീണിച്ച് നദീതടത്തിലെ ജലംകുടിച്ച് വൃക്ഷച്ചുവട്ടിലിരുന്ന് സ്വാത്മാവിനെക്കുറിച്ച് ചിന്തിച്ചു. നിറഞ്ഞ ഭക്തിയില്‍ വിഷ്ണു ദര്‍ശനം ലഭിച്ചു. വീണ്ടും കാണണമെന്ന മോഹവുമായി ഇന്ദ്രാദികളെ നിയന്ത്രിച്ച് ഹൃദയത്തിലേയ്‌ക്ക് എത്രതന്നെ നോക്കിയിട്ടും ഭഗവാനെ കാണുവാന്‍ കഴിഞ്ഞില്ല. വീണ്ടും പ്രയത്‌നിക്കുന്ന എനിക്ക് ഭഗവാന്റെ അശരീരി കേള്‍ക്കുവാന്‍ കഴിഞ്ഞു. നാരദാ ഭവാന് ഇനിയെന്നെ ഈ ജന്മത്തില്‍ ദര്‍ശിക്കുവാന്‍ കഴിയില്ല. മനസ്സിന് പാകത വരാത്തവര്‍ക്ക് എന്നെ ദര്‍ശിക്കുവാന്‍ സാധ്യമല്ല. ദൃഢമായ ഭക്തി കൊണ്ട് നിന്ദ്യമായ ലോക വ്യവഹാരങ്ങളെ വെടിഞ്ഞ് എന്നെ ആശ്രയിക്കുന്നവന്‍ എന്റെ സാരൂപ്യം കൈവരിക്കും. എന്നിലുറച്ച ഈ ഭക്തിഭാവം പ്രളയകാലത്തുപോലും നശിച്ചു പോകില്ല. അശരീരി കേട്ടിട്ട് ഭഗവാന്റെ തിരുനാമങ്ങളെ ജപിച്ചുകൊണ്ട് ഗുഹ്യകര്‍മ്മങ്ങളെ സ്മരിച്ചുകൊണ്ട് ആഗ്രഹഹീനനായി അഹങ്കാരരഹിതനായി മാത്സര്യമില്ലാത്തവനായി കാലയോഗത്തിന് വശനായി. കല്പാന്തകാലത്തില്‍ ആത്മാവിനെ വിഷ്ണുവില്‍ ലയിക്കാനിച്ഛിക്കുന്ന ബ്രഹ്മാവിന്റെ പ്രാണനില്‍ ഭഗവാന്‍ പ്രവേശിപ്പിച്ചു. ബ്രഹ്മദേവന്‍ ആയിരം യുഗങ്ങള്‍ കഴിഞ്ഞപ്പോള്‍ നിദ്രവിട്ടുണര്‍ന്ന് ത്രിലോകങ്ങളെ സൃഷ്ടിച്ചപ്പോള്‍ സ്പതര്‍ഷികളും ഞാനും ജനിച്ചു. വിഷ്ണുഭഗവാന്റെ അനുഗ്രഹംകൊണ്ട് എനിക്ക് എല്ലായിടത്തും ദേവദത്തം എന്ന വീണയോടുകൂടി ഹരികഥകള്‍ പാടി ആനന്ദത്തോടുകൂടി സഞ്ചരിക്കുന്നു. വ്യാസഭഗവാനും ഭഗവാനെ പ്രകീര്‍ത്തിക്കുന്ന ഗ്രന്ഥം രചിക്കൂ എന്ന് ഉപദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by