കോഴിക്കോട്: സ്‌കൂട്ടറിൽ സഞ്ചരിക്കവേ മഴ നനയാതിരിക്കാൻ സമീപത്തെ കടയിൽ കയറി നിന്ന യുവാവിന് തൂണിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് പുതിയതോട്ടിൽ ആലി മുസ്ല്യാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു.
കഴിഞ്ഞ ദിസവം പുലർച്ചെ ഒന്നോടെയാണ് അപകടം നടന്നത്. റിജാസും സഹോദരനും സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിമദ്ധ്യേ മഴ പെയ്തതിനാൽ കടയിലേക്ക് കയറി നിൽക്കുകയായിരുന്നു. കടയിലെ തൂണിൽ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തി.
തൂണിൽ ഷോക്കുണ്ടെന്ന് നേരത്തേ പരാതി നൽകിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആരോപണം. കടക്കു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ സമീപത്തെ മരം തട്ടി നിൽക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഇതിനു മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരാതി രജിസ്റ്റർ ചെയ്യുകയ്യല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: