പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പുതിയ പതിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇതിന് ഇരയായിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് ഭീതി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയ തോതിലാണ് ആശങ്ക സൃഷ്ടിക്കുന്നത്. നിയമപാലകര്‍ എന്ന വ്യാജേനയാണ് ആളുകളെ സൈബര്‍ തട്ടിപ്പുകാര്‍ ഇരകളാക്കുന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകര, ക്രിമിനല്‍ ബന്ധം ഇതില്‍ ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന മുഖവുരയോടെയാണ് തട്ടിപ്പുകാര്‍ ആളുകളെ വിളിക്കുന്നത്. തുടര്‍ന്ന് നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, മറ്റേതെങ്കിലും നിരോധിത വസ്തുക്കള്‍ എന്നിവ അടങ്ങിയ പാഴ്സലുകള്‍ നിങ്ങള്‍ അയച്ചെന്നോ മറ്റാരോ നിങ്ങളുടെ പേരില്‍ അയച്ച പാഴ്സല്‍ അധികൃതര്‍ക്കു ലഭിച്ചു എന്നോ പറഞ്ഞാവും വിളിക്കുക.
അടുത്ത ഘട്ടത്തിലാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ കുറ്റകൃത്യത്തിലേക്ക് കടക്കുക. തട്ടിപ്പുകാരുടെ വ്യാജകോളില്‍ ഇരകള്‍ ഭയക്കുകയും മാനസിക സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു എന്ന് ബോധ്യപ്പെട്ടാല്‍ വീഡിയോ കോള്‍ ആപ്പുകള്‍ വഴി ആവും തുടര്‍ന്നുള്ള ആശയവിനിമയം. കേസ് ഒത്തു തീര്‍ക്കാന്‍ വന്‍ തുക ആവശ്യപ്പെടുന്നതാണ് അടു
ത്ത ഘട്ടം.
വീഡിയോ കോള്‍ തട്ടിപ്പാണ് എന്ന് ഇരകള്‍ക്ക് ഒരു തരത്തിലും മനസിലാവാത്ത രീതിയിലുള്ള സജ്ജീകരണമാണ് സൈബര്‍ കുറ്റവാളികള്‍ ഒരുക്കുന്നത്. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളുകള്‍ പെട്ടെന്നു തന്നെ കെണിയില്‍ വീഴും.
തട്ടിപ്പില്‍ പെട്ടാല്‍ ചെയ്യേണ്ടത്
സൈബര്‍ തട്ടിപ്പുകള്‍ക്ക് നിങ്ങളെ വിധേയമാക്കാന്‍ ശ്രമിക്കുന്നതായി നേരിയ സംശയമെങ്കിലും തോന്നിയാല്‍ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ ഉടന്‍ റിപ്പോര്‍ട്ട്ചെയ്യണം. ഒപ്പം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും വേണം. തട്ടിപ്പുകാര്‍ ആധാര്‍ നമ്പറും പാന്‍ നമ്പറും മറ്റും ഇങ്ങോട്ടു പറഞ്ഞു ചോദ്യം ചെയ്യല്‍ ആരംഭിക്കുമ്പോഴാണ് പലരും യഥാര്‍ത്ഥ പോലീസ് അന്വേഷണമാണെന്ന വിശ്വാസത്തില്‍ ഡിജിറ്റല്‍ അറസ്റ്റിന് ഇരയാകുന്നത്. ചിലപ്പോള്‍ ഇവര്‍ പറയുന്ന ആധാര്‍ നമ്പര്‍ തെറ്റാവാം. ഭയംമൂലം അതു തെറ്റാണോ ശരിയാണോ എന്നു പരിശോധിക്കാന്‍ പലര്‍ക്കും കഴിയാറുമില്ല. ഇതിനിടയില്‍ പോലീസ് മുറയില്‍ നമ്മളെ ചോദ്യം ചെയ്ത് നമ്മളില്‍ നിന്നുതന്നെ വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ശ്രദ്ധിച്ചു മാത്രം സംസാരിക്കുക. നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ താമസ പരിധിയില്‍പ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരം തിരക്കിയശേഷം മറുപടി തരാം എന്നു പറയുക. അതോടെ മറുവശത്ത് തട്ടിപ്പുകാരാണെങ്കില്‍ ഉടന്‍ കോള്‍ ഡിസ്കണക്ട് ആവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: