ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കശ്മീരില്‍ മുന്‍ സര്‍പഞ്ചിന്റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
കശ്മീരിന്റെ പുരോഗതിയില്‍ നിരാശപ്പെടുന്നവരാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍. കശ്മീര്‍ ജനത വിഘടനവാദത്തെയോ ഭീകരതയെയോ കല്ലെറിയലുകളെയോ പിന്തുണയ്ക്കില്ലെന്ന് അവര്‍ മനസിലാക്കണം. ഒരോ ദിവസം കഴിയുന്തോറും കശ്മീരിലെ വിനോദസഞ്ചാര മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ചിലരുടെ മനോവീര്യം കുറയുന്നു. അവരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ വിനോദസഞ്ചാരം തകര്‍ക്കുന്നത് ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് കശ്മീരിന്റെ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കവിന്ദര്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷം കശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണുണ്ടായത്. 1.7 കോടിയോളം പേര് ഇവിടെയത്തി. വിനോദസഞ്ചാരത്തിലുണ്ടായ മാറ്റം ജനജീവിതത്തിലും പ്രതിഫലിച്ചു. ഭീകരതയുടെ പഴയ ദിവസങ്ങളെ മടക്കിക്കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷോപ്പിയാനിലെ ഹിര്‍പോറ ഏരിയയില്‍ ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ബിജെപി നേതാവും മുന്‍ സര്‍പഞ്ചുമായ ഐജാസ് ഷെയ്ഖിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഷെയ്ഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണം. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഇന്നാണ് ബാരാമുള്ളയിലെ പോളിങ്.
അനന്ത്നാഗിലെ വിനോദസഞ്ചാര ക്യാമ്പിന് നേരെ ശനിയാഴ്ച ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ജയ്പൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഫര്‍ഹയെയും ഭര്‍ത്താവ് തബ്രേസിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്നാഗിലെ യന്നാറില്‍ വച്ച് ഫര്‍ഹയ്ക്കും തബ്രേസിനും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണമുണ്ടായ പ്രദേശം സൈന്യം വളഞ്ഞതായും കശ്മീര്‍ സോണ്‍ പോലീസ് എക്സില്‍ കുറിച്ചു.
സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരരെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കശ്മിര് ബിജെപി ഘടകം സംഭവത്തെ അപലപിച്ചു. ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ ഹിര്‍പോറയില്‍ മുന്‍ സര്‍പഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖിനെ ഭീകരര്‍ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നതായി ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ധീരനായ പോരാളിയായിരുന്നു ഐജാസ്. ഈ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ഐജാസിന്റെ കുടുംബത്തോടൊപ്പം ബിജെപി ഉറച്ചുനില്‍ക്കുന്നുവെന്നും കശ്മീരിലെ ബിജെപി വക്താവ് അല്‍താഫ് കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി പ്രദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: