തൃശൂര്‍ : ഗുണ്ടാ നേതാവും ഇരട്ടക്കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കുറ്റൂര്‍ അനൂപ് ജയില്‍ മോചിതനായതിന് കുറ്റൂരിലെ പാടത്ത് സംഘടിപ്പിച്ച ഒത്തു ചേരല്‍ ‘ പാര്‍ട്ടി’യില്‍ കാപ്പ പ്രതികളും ഉണ്ടായിരുന്നുവെന്ന് സൂചന. കാപ്പ ചുമത്തി ജില്ലയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും പിടികൂടിയതോടെയാണ് സംശയം ബലപ്പെട്ടത്. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കല്‍ സൂരജി (അനു) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ ഏപ്രിലില്‍ ആണ് തൃശൂര്‍ റേഞ്ച് ഡിഐജി, ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
കയ്പമംഗലം ഇന്‍സ്പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ പുറത്ത് വന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കഞ്ചാവ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കാപ്പ പ്രതികള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. അതേ സമയം ഇന്നലെ എല്ലാ പോലീസ് സ്റ്റേഷനികളിലും പ്രദേശത്തെ ഗുണ്ടകളെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും സ്റ്റേഷനില്‍ എത്തിച്ച് താക്കീത് നല്കി വിട്ടയച്ചിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കാനിരിക്കെ മുന്‍കരുതലായിട്ടായിരുന്നു നടപടി.
പോലീസ് രഹസ്യാന്വേഷണ വിഭാഗത്തെ കബളിപ്പിച്ച് 60 ഓളം പേര് പാര്‍ട്ടിയില്‍ പങ്കെടുത്തതും പൊതുസ്ഥലത്ത് മദ്യ-ലഹരി പാര്‍ട്ടി നടത്തിയതും പോലീസിന് നാണക്കേടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: