യുക്തിവാദം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു യുട്യൂബ് ചാനല്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: ”ഇന്ത്യയിലെ പൗരന്മാരുടെ ടാക്സ് ഉപയോഗിച്ച് തിന്നു കൊഴുത്ത കാളവണ്ടിയാണ് ആയുര്‍വേദം.” ആധുനിക മനുഷ്യന്റെ ശരീരഘടനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നയാളായിരുന്നു സുശ്രുതന് എന്നും ആ ചാനല്‍ പറയുന്നുണ്ട്.
ഒന്നിലധികം വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുള്ള സമ്പന്നവും വൈവിധ്യപൂര്‍ണവുമായ മെഡിക്കല്‍ സംമ്പ്രദായങ്ങള്‍ പിന്തുടരപ്പെടുന്ന ഈ രാജ്യത്ത്, അതിന്റെ പൈതൃകത്തിന്റെ ഭാഗമായ ആയുര്‍വേദത്തെക്കുറിച്ച് ഈവിധം തെറ്റിദ്ധാരണ പടര്‍ത്തുന്നുവെങ്കില്‍ അതിന്റെ കാരണവും ഫലങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആയുര്‍വേദം കപടശാസ്ത്രമാണെന്നും ആയുര്‍വേദ മരുന്നുകള്‍ ഹെവി മെറ്റല്‍സ് അടങ്ങിയതാണെന്നും അവ കരളിനെയും വൃക്കകളെയും ബാധിക്കുമെന്നെല്ലാമുള്ള പ്രചാരണങ്ങള്‍ മുന്‍പ് സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ നടന്നപ്പോള്‍ അടിയന്തര ഇടപെടലുകള്‍ക്കുമായി സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു.
ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ആയുര്‍വേദത്തിലില്ല എന്നാണ് യുക്തിവാദികള്‍ ഉന്നയിക്കുന്ന ഒരാരോപണം. മനുഷ്യകുലത്തോളം പഴക്കമുള്ള രോഗശമനചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം. ആധുനിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവയുടെ സാധ്യത തെളിയിക്കപ്പെടണമെന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ പരിഹാസ്യമായ വാദം. ഒരു ശാസ്ത്രത്തെക്കുറിച്ച് മറ്റൊരു ശാസ്ത്രത്തിന്റെ അളവുകോലുപയോഗിച്ചു വിധികല്‍പ്പിക്കുന്നത് കിണറിനേക്കാള്‍ ജലമുള്ള മറ്റൊന്നും ഭൂമിയിലില്ല എന്ന് കരുതുന്ന ബൗദ്ധികകാപട്യത്തിന്റെ തുടര്‍ച്ച മാത്രമാണ്.
ആധുനിക ചികിത്സാരീതികളുടെയും ആയുര്‍വേദത്തിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രോഗികളുടെ ക്ഷേമവും സൗഖ്യവുമാണ് എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ലക്ഷ്യമിടുന്നത്. ആയുര്‍വേദം ഇക്കാര്യം മുന്‍പുതന്നെ തിരിച്ചറിഞ്ഞിരുന്നു എന്നത് വസ്തുതയാണ്. സത്യത്തില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും രണ്ടു നിലയ്ക്ക് വളരുന്ന ശാസ്ത്രശാഖകളാണ്. ത്വരിത ഗതിയിലുള്ള രോഗശമനം, ശസ്ത്രക്രിയാ രംഗത്തെ ആധുനിക സംവിധാനങ്ങള്‍ എന്നീ കാര്യങ്ങളില്‍ ആധുനിക വൈദ്യശാസ്ത്ര ശാഖ കൈവരിച്ച നേട്ടങ്ങള്‍ തുലനാതീതമാണ്. ആയുര്‍വേദം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമഗ്രവും വ്യക്തിഗതവുമായ രോഗപ്രതിരോധ, നിയന്ത്രണ മാര്‍ഗങ്ങളിലാണ്. അതേസമയം ആയുര്‍വേദ മരുന്ന് നിര്‍മാണ മേഖലയിലും രോഗനിര്ണയമാര്ഗങ്ങളിലും ഗവേഷണ രംഗത്തും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഗണ്യമായി സ്വാധീനം ചെലുത്തുന്നുണ്ട്.
കാലാനുസൃതമായി നവീകരിക്കപ്പെട്ടില്ല എന്നതാണ് ആയുര്‍വേദത്തെ വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒരു ശുദ്ധശാസ്ത്രമായി തന്നെയാണ് ആയുര്‍വേദം വളര്‍ന്നതും വികസിച്ചതും. ഇതര ആരോഗ്യശാസ്ത്രങ്ങള്ക്കുപരി ആയുര്‍വേദത്തിന് പലപ്പോഴും മതപരവും സാമ്രാജ്യത്വപരവുമായ വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ആയുര്‍വേദം നിലനില്ക്കുക തന്നെ ചെയ്തു. ലോകാരാഗ്യസംഘടന മുതലായവ പോലും ആയുര്‍വേദത്തിന്റെ കഴിവിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. കാലം, ദേശം, സാഹചര്യം, മുതലായവയുടെ ഭേദംകൊണ്ട് വന്ന ജീവിതത്തിന്റെ മാറ്റത്തിലും പ്രായോഗികമാക്കാന്‍ സൗകര്യമുള്ളിടത്തോളം ആയുര്‍വേദം പ്രയോജനപ്പെട്ടുകൊണ്ടുതന്നെയിരിക്കുന്നു.
ഏതു കാലത്തും ഏതു ശാസ്ത്രവും കലയും രാഷ്ട്രീയമായ സ്വാതന്ത്ര്യത്തിനെയും സമാധാനത്തിന്റെയും പ്രേരണയുടെയും പ്രോത്സാഹനത്തിന്റെയും അന്തരീക്ഷത്തിലേ നിലനില്കുകയും വികസിക്കുകയും ചെയ്യുകയുള്ളൂ. ക്രിസ്തുവിനു മുന്‍പ് 327 ല്‍ അലക്സാണ്ടറുടെ ആക്രമണത്തെ തുടര്‍ന്ന് ഭാരതം നിരന്തരം വിദേശീയാക്രമണങ്ങള്ക്ക് വിധേയമായിക്കൊണ്ടിരുന്നു. വിജ്ഞാനകേന്ദ്രങ്ങളായിരുന്ന നളന്ദയും തക്ഷശിലയുമെല്ലാം മറ്റും കത്തിയെരിഞ്ഞ കഥകളുണ്ട്. ക്രമേണ ആ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും തുടര്‍ച്ചകള്‍ സാമ്രാജ്യസ്ഥാപനമായി രൂപം മാറുകയാണ് ചെയ്തത്. ഭാഷാശാസ്ത്രത്തിലും ചരിത്രത്തിലും മറ്റും താല്‍പ്പര്യം കാണിച്ച ചുരുക്കം ചിലരെ ഒഴിച്ചാല്‍ ആ സാമ്രാജ്യസ്ഥാപകരായ വിദേശീയര്‍ക്ക് ആയുര്‍വേദത്തോട് മമതയുണ്ടായില്ല. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന അവര്‍ക്ക് പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും സ്വന്തം സമ്പ്രദായങ്ങളും താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു.
ഭാരത ചരിത്രത്തിലെ ഏറ്റവും ശക്തനും സ്വാധീനമുള്ളതുമായ ഭരണാധികാരികളില്‍ ഒരാളായിരുന്ന അശോക ചക്രവര്‍ത്തി (ബിസി 304-232). ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തിനുശേഷം അഹിംസയെ പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ ആയുര്‍വേദത്തിലെ ശസ്ത്രക്രിയയും നിരോധിച്ചിരുന്നു എന്നത് ആയുര്‍വേദത്തിലെ ശല്യതന്ത്രത്തിലെ പുരോഗതിക്ക് തടസമായി മാറി എന്നത് സുവിദിതമാണ്.
അശോക സാമ്രാജ്യത്തിലുടനീളം തൂണുകളിലും പാറകളിലും കൊത്തിയെടുത്ത ലിഖിതങ്ങളുടെ പരമ്പരയില്‍ ”രോഗം തടയാന്‍ കഴിയുന്നവനാണ് ഏറ്റവും നല്ല വൈദ്യന്” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഭക്ഷണക്രമം, വ്യായാമം, ഔഷധസസ്യങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മിക്ക രോഗങ്ങളും തടയാനോ ഭേദമാക്കാനോ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കാം. പക്ഷേ ശസ്ത്രക്രിയയുടെ നിരോധനം പൗരാണിക ഭാരതത്തിലെ വൈദ്യശാസ്ത്രത്തിന്റെ വികാസത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയാണ് ചെയ്തത്. നൂറ്റാണ്ടുകളായി, തിമിര ശസ്ത്രക്രിയ, റിനോപ്ലാസ്റ്റി, സിസേറിയന് എന്നിവയുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്കായി ഭാരത ശസ്ത്രക്രിയാ വിദഗ്ധര്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, ശസ്ത്രക്രിയയുടെ നിരോധനം ഈ പുരോഗതിക്കു വിഘാതമായി. അതിനു ശേഷം 19-ാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ശസ്ത്രക്രിയ പുനരുജ്ജീവിപ്പിക്കപ്പെട്ടത്. എങ്കിലും ശസ്ത്രക്രിയ അടക്കമുള്ള മുന്നേറ്റങ്ങള്‍ക്ക് നിമിത്തമായ ജ്ഞാനസമ്പത്ത് പരമ്പരയാ സംരക്ഷിക്കപ്പെട്ടിരുന്നു. ആധുനിക കാലത്തിലേക്ക് ആയുര്‍വേദം പടര്‍ന്നെത്തിയത് ആ ജ്ഞാനസമ്പത്തിനെ ആധാരമാക്കിയാണ്.
ആധുനിക മനുഷ്യന്റെ ശരീരഘടനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നയാളായിരുന്നു സുശ്രുതന് എന്നായിരുന്നു യുക്തിവാദ ചാനലിന്റെ കണ്ടെത്തല്‍. പക്ഷേ യാഥാര്‍ഥ്യമെന്താണ്? മധ്യകാല ഭാരതത്തില്‍ ശസ്ത്രക്രിയയെ പ്രശംസനീയമായ ഉയരങ്ങളിലെത്തിച്ച സുശ്രുതന്, ശസ്ത്രക്രിയയുടെ പിതാവ്, പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് എന്നിങ്ങനെ കണക്കാക്കപ്പെട്ടു എന്നത് കേവലമൊരു ഭാവനയല്ല. സിദ്ധാന്തവും പ്രയോഗവും അറിഞ്ഞാല്‍ മാത്രമേ ഒരാള്‍ക്ക് നല്ല വൈദ്യനാകാന്‍ കഴിയൂ എന്ന് അദ്ദേഹം തന്റെ ശിഷ്യരോട് പറയുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് പരിശീലനത്തിനായി മൃതദേഹങ്ങളും മാതൃകകളും ഉപയോഗിക്കുന്ന ആധുനിക രീതിക്കും സുശ്രുതനോട് കടപ്പെട്ടിരിക്കുന്നു.
ആയുര്‍വേദ വിജ്ഞാനം ആദ്യമായി വിശദീകരിച്ചത് ധന്വന്തരിയാണ് അദ്ദേഹം അത് ദിവോദാസനെയും ദിവോദാസന്‍ സുശ്രുതനെയും പഠിപ്പിച്ചു എന്നതാണ് ഐതിഹ്യം. സുശ്രുത സംഹിതയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. പൂര്‍വ-തന്ത്രം അഞ്ച് ഭാഗങ്ങളും ഉത്തരതന്ത്രം. രണ്ട് ഭാഗങ്ങളും. വൈദ്യശാസ്ത്രം, ശിശുരോഗം, വാര്ദ്ധക്യശാസ്ത്രം, ചെവി, മൂക്ക്, തൊണ്ട, കണ്ണ് എന്നിവയുടെ രോഗങ്ങള്‍, വിഷചികിത്സ, മനോരോഗചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സ രീതികള്‍ ഇതില്‍ പ്രതിപാദിക്കുന്നു. വാര്‍ദ്ധക്യം, മാനസികം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി രോഗാവസ്ഥകള്‍ ഇതില്‍ പട്ടികപ്പെടുത്തിയിരിക്കുന്നു. സംഗ്രഹത്തില്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ പരിശീലനത്തെക്കുറിച്ചുള്ള നിരവധി അധ്യായങ്ങളും ഉള്‍പ്പെടുന്നു. ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ കൂടാതെ മനുഷ്യ ശസ്ത്രക്രിയയെ എട്ട് വിഭാഗങ്ങളായി ഇതില്‍ തരംതിരിക്കുന്നു. മൃഗങ്ങള്‍, സസ്യങ്ങള്‍, ധാതുക്കള്‍ എന്നിവയില്‍ നിന്നുള്ള അറുനൂറിലധികം ഔഷധങ്ങളെക്കുറിച്ച് സുശ്രുതന് വിവരിക്കുന്നുണ്ട്.
സമഗ്രമായ വൈദ്യവിജ്ഞാനത്തെ ഈവിധം പ്രതിപാദിക്കുന്ന സുശ്രുതന്, ആധുനിക മനുഷ്യന്റെ ശരീരഘടനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നയാളായിരുന്നു എന്നഭിപ്രായപ്പെടുന്ന യുക്തിവാദത്തിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ആധുനിക സര്‍ജന്റെ സ്പ്രിങ് ഫോഴ്സ്പ്സ്, ഡ്രസ്സിങ് ഫോഴ്സ്പ്സ് എന്നിവയുടെ ആദ്യ രൂപങ്ങളാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ യന്ത്രങ്ങള്‍. വാസ്തവത്തില്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് അവയുടെ ആകൃതിയില്‍ സാമ്യമുള്ള മൃഗങ്ങളുടെയോ പക്ഷികളുടെയോ പേരിടുന്ന അദ്ദേഹത്തിന്റെ സമ്പ്രദായം ഇന്നും സ്വീകരിക്കപ്പെടുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളും അവയുടെ തത്വങ്ങളും ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ് എന്ന് കാണാം.
എല്ലുകളുടെ വര്‍ഗ്ഗീകരണത്തെയും, പരിക്കുകളോടുള്ള അവയുടെ പ്രതികരണത്തെയും കുറിച്ച് സുശ്രുത സംഹിത പറയുന്നുണ്ട്. സന്ധികളുടെ സ്ഥാനഭ്രംശം (സന്ധിമുക്ത), ഒടിവുകള്‍ ( കാണ്ഡ-ഭഗ്ന ) എന്നിവ സംഹിതയില്‍ വ്യവസ്ഥാപിതമായി വിവരിച്ചിരിക്കുന്നു. ആറ് തരം സ്ഥാനഭ്രംശങ്ങളെയും 12 തരം ഒടിവുകളേയും സുശ്രുത സംഹിത തരംതിരിക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. മനുഷ്യന്റെ ശരീരഘടനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു എന്ന് ആരോപിക്കപ്പെട്ട സുശ്രുതന്റെ സംഹിതയിലാണിത് എന്നത് തന്നെ ആ ആരോപണത്തിന്റെ മുനയൊടിക്കാന്‍ പര്യാപ്തമായ ഒന്നാണ്.
ക്രിസ്തുവിനു മുന്‍പ് തന്നെ ആയുര്‍വേദത്തില്‍ സംഹിതകള്‍ രൂപംകൊള്ളൂകയും ശാസ്ത്രമെന്ന രീതിയിലുള്ള അതിന്റെ വ്യക്തിത്വം സ്പഷ്ടമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ ചരകത്തിന്റെയും സുശ്രുതത്തിന്റെയും മൂലസംഹിതകള് അതിനു മുന്‍പു തന്നെ രചിക്കപ്പെട്ടിരിക്കണം എന്നൂഹിക്കാം.
ആയുസ്സിന്റെ വേദമാണ് ആയുര്‍വേദം എന്നാണ് വിവക്ഷ. കുറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് ആയുസ്സ് എന്നതിന്റെ അര്‍ഥം തന്നെ. ജനിച്ചതെല്ലാം മരിക്കുകയും ചെയ്യും. ഓരോ ജീവിയുടെയും പ്രകൃതിദത്തമായ ആയുസ്സിന് പരിധിയുണ്ട്. വളര്‍ച്ച പ്രാപിക്കുന്നതിന് ആവശ്യമായ സമയത്തിന്റെ അഞ്ചോ ആറോ ഇരട്ടിയാണ് ഒരു ജീവിയുടെ ആയുസ്സ് എന്ന് പറയുന്നത്. പലവിധ കാരണങ്ങളാല്‍ പലതും അതിനു മുന്‍പ് തന്നെ മരിച്ചു പോകുന്നു. അങ്ങനെയെങ്കില്‍ പ്രകൃതിദത്തമായ ആ ആയുസിന്റെ കാലം വരെ എങ്ങനെ സുഖമായി ജീവിച്ചിരിക്കാം? അതിനെന്തു ചെയ്യണം എന്ന അന്വേഷണമാണ് ആയുര്‍വേദം. ആയുസ്സിനെ നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ത്യജിക്കേണ്ടതും ഭജിക്കേണ്ടതും എന്താണ് എന്നതിന്റെ ശാസ്ത്രമാണത്. ശാസിക്കുന്നത്, അതായത് ഹിതാഹിതങ്ങളെ ഉപദേശിക്കുന്നതാണ് ശാസ്ത്രം. ആചാര്യന്മാര് പ്രത്യക്ഷം കൊണ്ടും അനുമാനം കൊണ്ടും ആര്‍ജിച്ച ജ്ഞാനം, മറ്റുള്ളവര്‍ക്കായി ക്രോഡീകരിച്ചതാണത്. അതിന്റെ ഫലപ്രാപ്തിയാവട്ടെ ഇന്നാട്ടിലെ വലിയൊരു വിഭാഗം ഒരു ജനവിഭാഗം തലമുറകളിലൂടെ അനുഭവിച്ചറിഞ്ഞതുമാണ്. പരാജയങ്ങളില്‍ തളരാതെ, വിജയങ്ങളില്‍ മതിപ്പുളവാക്കാതെ, നിരന്തരം സത്യം അന്വേഷിക്കുകയും പിന്തുടരുന്നവര്‍ക്ക് അത് കൈമാറുകയും ചെയ്ത ആചാര്യന്മാരാണ് അതിനു തുടക്കമിട്ടതും പോഷിപ്പിച്ചതും.
വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി ആ ശാസ്ത്രശാഖയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ ആരോഗ്യകരമായ ഒരു സംവാദത്തിനാണ് മുതിരേണ്ടത്. കാരണം ഏത് പരിഷ്കാരത്തിനും വഴങ്ങിക്കൊടുക്കും വിധം, ഏതു പുതുമയേയും തന്നില്‍ ലയിപ്പിക്കും വിധം വളരെ അയവുള്ളതാണ് ആയുര്‍വേദത്തിന്റെയും അതിന്റെ ജീവസത്തയായ വൈദികജ്ഞാനത്തിന്റെയും ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: