ശ്രീകാന്ത് കോട്ടയ്ക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് ഗൃഹലക്ഷ്മി മാസികയില്‍ എഴുതിയ ലേഖനം ഏറെ ഉത്തേജകവും ഒട്ടേറെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതുമായി. വംഗദേശത്ത് അദ്ദേഹം നടത്തിയ യാത്രാസ്മരണകള്‍ മുന്‍ലക്കങ്ങളിലും വായിച്ചിരുന്നു. അവയെല്ലാം തന്നെ എന്നെ സംബന്ധിച്ചിടത്തോളം നൂതനമായ അറിവുകള്‍ നല്കുന്നവയായിരുന്നു. പരമഹംസരുടെ ജീവിതത്തിലെ അന്ത്യകാലം ചെലവഴിക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അലൗകികമായ അനുഭൂതി നേടാനും എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. 1960 കളുടെ അവസാനവും 70 കളുടെ ആദ്യവും. അവ പിന്നീട് വിവരിക്കാം. ശ്രീകാന്തിനെ പറ്റി ആകട്ടെ ആദ്യം.
ജന്മഭൂമി ദിനപത്രമായി എറണാകുളത്ത് ആരംഭിച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞു. മഞ്ചനാമഠം ബാലഗോപാല്‍, പെരുന്ന കെ.എന്‍. നായര്‍, കുമ്മനം രാജശേഖരന് മുതലായ ഇരുത്തം വച്ച പത്രപ്രവര്‍ത്തകര്‍ പ്രൊഫ. എം.പി. മന്മഥന്റെ നേതൃത്വത്തില്‍ പത്രം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു. ആധുനിക സൗകര്യങ്ങള്‍ ഒന്നുംതന്നെ അന്ന് ജന്മഭൂമിക്ക് ഉണ്ടായിരുന്നില്ല. ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള അച്ചടിയന്ത്രം തിരുവനന്തപുരത്ത് നിന്ന് കെ.രാമന്‍പിള്ളയുടെ പ്രയത്നഫലമായി ലഭിച്ചു. ലഭ്യമായ സൗകര്യങ്ങള്‍ വച്ചുകൊണ്ട് ഒരു ട്രയല്‍ കോപ്പി പോലും തയ്യാറാക്കാതെയാണ് ജന്മഭൂമിയുടെ ആദ്യലക്കം ടൗണ്‍ഹാളിലെ ഗംഭീരമായ ഉദ്ഘാടന സദസ്സിന് സമര്‍പ്പിച്ചത്. അച്ചടി യന്ത്രത്തിന്റെ പഴക്കം പ്രക്രിയയുടെ കാര്യക്ഷമതയെ ഗണ്യമായി ബാധിച്ചിരുന്നു. അങ്ങനെ കുറേ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വാര്‍ത്തകള്‍ക്ക് പുറമേ സാമൂഹ്യ സാഹിത്യപരമായ സൃഷ്ടികളും ജന്മഭൂമിയില് ഉള്‍പ്പെടുത്തണമെന്ന വിചാരം ക്രമേണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായി. മന്മഥന് സാര്‍ പത്രാധിപരായിരുന്നതിനാല് നാനാ മേഖലകളില്‍ ഉന്നതരംഗങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും ലേഖനങ്ങളും കവിതകളും എഴുതിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ തക്ക കോശ സ്ഥിതി ഇല്ലായിരുന്നു ജന്മഭൂമിക്ക്.
ആ ഘട്ടത്തിലാണ് സുന്ദരവും സുഗമവുമായ കൈപ്പടയില്‍ നല്ല ഭാഷയില്‍ ഒരു ലേഖനം ലഭിച്ചത്. കര്‍ത്താവിന്റെ പേര് ശ്രീകാന്ത് കോട്ടയ്ക്കല്‍. അത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനായി അത് ഫയലില്‍ വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ മാസ്റ്ററായിരുന്ന കെ.സി.കെ. രാജായുടെ ഒരു കത്തു ലഭിച്ചു. അദ്ദേഹത്തെ നേരത്തെ തന്നെ അറിയുമായിരുന്നു. സംഘത്തിന്റെ സജീവ സ്വയംസേവകനായിരുന്നു. സ്വാഭാവികമായും കോട്ടക്കല്‍ കോവിലകത്തെ അംഗമായിരുന്ന അദ്ദേഹത്തിന് കോവിലകം വക സ്കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ആയുര്‍വേദ ചികിത്സയ്ക്ക് ഞാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ മുഖ്യവൈദ്യനെ കണ്ടപ്പോള്‍ ആശുപത്രിയില്‍ ഒഴിവില്ലാത്തതിനാല്‍ സ്വകാര്യമായ വ്യവസ്ഥ ചെയ്യേണ്ടി വരുമെന്ന് മനസ്സിലായി. ഒരു സ്വയംസേവകന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് ആ ചികിത്സ നടത്തി. അതിനിടെ ഹരിയേട്ടനും ഒരുമിച്ച് കെ.സി.കെ അവിടെ വന്നിരുന്നു. അങ്ങനെ ഞങ്ങളുടെ അടുപ്പം വര്‍ദ്ധിച്ചു. കെസികെക്കും ഹരിയേട്ടനുമായുള്ള അടുപ്പം ജീവിതത്തിലെ പല ദുര്ഘടകങ്ങളെയും തരണം ചെയ്യാന്‍ സഹായകരമായി.
കോട്ടയ്ക്കലെ ചികിത്സാ കാലത്ത് ആ സ്ഥലത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മഹാകവി പ്രതിഭാസംബന്ധനായിരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തന്റെ മഹാഭാരതം വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്തതിന്റെ ഭൂരിഭാഗവും കോട്ടക്കല്‍ കോവിലകത്ത് താമസിക്കുമ്പോഴായിരുന്നു. പണ്ഡിതരായ എഴുത്തുകാരെ മുമ്പിലിരുത്തി താളിയോലയിലും ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, വാരാണസി വിദ്യാപീഠം, ഗീതാപ്രസ് മുതലായ സ്ഥാപനങ്ങളില്‍ നിന്ന് അച്ചടിക്കപ്പെട്ട ഭാരത പതിപ്പുകളും നോക്കി മൂല ശ്ലോകങ്ങള്‍ വായിച്ചശേഷം വിവര്‍ത്തനം പറഞ്ഞുകൊടുത്തത് എഴുത്തുകാര്‍ എഴുതുകയായിരുന്നുവത്രേ. ഒരു കൊല്ലം കൊണ്ട് വിവര്‍ത്തനം പൂര്‍ത്തിയായി.
മഹാഭാരതത്തെ ആസ്പദമാക്കി ഹരിയേട്ടന് ഒട്ടേറെ എഴുതിയത് ലഭ്യമാണല്ലോ. അവയില്‍ മിക്കതിലും സ്വീകരിച്ചത് തമ്പുരാന്റെ പാഠങ്ങളാണ്. ചില ശ്ലോകങ്ങളില്‍ തമ്പുരാന്റെ വിവര്‍ത്തനം ശരിയായ അര്‍ത്ഥം നല്‍കുന്നില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പരമേശ്വര്‍ജി കോട്ടയ്ക്കല്‍ ചികിത്സ തേടിയിരുന്നു.
ശ്രീകാന്തിന്റെ ലേഖനം ജന്മഭൂമി വാരാദ്യ പതിപ്പ് ആരംഭിച്ച ലക്കത്തില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നോ രണ്ടോ ലേഖനങ്ങള്‍ ജന്മഭൂമിയില് വന്നുവെന്നാണ് ഓര്‍മ്മ. പിന്നെ കുറെ നാള് ഒന്നും കാണാതായപ്പോള്‍ കെസികെയോട് ഞാന്‍ അന്വേഷിച്ചു. മകന് മാതൃഭൂമിയില്‍ അവസരം ലഭിച്ചുവെന്ന മറുപടി കിട്ടി. ആളുടെ ഭാവി രക്ഷപ്പെട്ടു എന്ന് ഞാന്‍ മനസ്സിലും കരുതി.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ജന്മഭൂമി വാരാദ്യത്തിലെ സംഘപഥത്തില്‍ പേരാമ്പ്രയ്ക്ക് അടുത്ത് അവിഞ്ഞാട് കുടുംബത്തെ പരാമര്‍ശിക്കുകയുണ്ടായി. ആ കുടുംബാംഗമായ എ. ജി. കെ. നായരുടെ ഗോശാലക്കല്‍ എന്ന വസതിയില്‍ ആയിരുന്നു ഞാനും വി. പി. ജനേട്ടനും ഒരുമിച്ച് പ്രാന്ത കാര്യവാഹ് ആയിരുന്ന അണ്ണാജിക്ക് താമസം ഏര്‍പ്പെടുത്തിയത്. ആകസ്മികമായ ചില പ്രശ്നങ്ങള്‍ മൂലം പിറ്റേന്ന് മറ്റൊരു വീട്ടിലേക്ക് ഞങ്ങള്‍ക്കു മാറേണ്ടിവന്നു. അവിഞ്ഞാട് നായര്‍ കുടുംബം പണ്ട് നാടുവാഴികള്‍ ആയിരുന്നു. പഴശ്ശിരാജാവിനെ വയനാട്ടില്‍ നടത്തിയ സൈനിക നടപടിയിലൂടെ തലശ്ശേരിയിലെ ബ്രിട്ടീഷ് അധികാരി ടി. എച്ച്. ബാബര്‍ ഏറ്റുമുട്ടലില്‍ വധിച്ച് മൃതദേഹം കൈവശപ്പെടുത്തി. അപ്പോള്‍ കെട്ടിലമ്മയായ പയ്യോര്‍മല നായരുടെ സഹോദരി അവശനിലയില്‍ കൂടെയുണ്ടായിരുന്നുവെന്നും, തന്റെ പല്ലക്കില്‍ കയറ്റി അമാലന്മാരെ കൊണ്ട് ചുമപ്പിച്ചാണ് മാനന്തവാടിയിലേക്ക് കൊണ്ടുവന്നതെന്നും ബാബര്‍ മദിരാശി ഗവര്‍ണര്‍ക്ക് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പേരാമ്പ്രയില്‍ ഉള്ള ആ കുടുംബത്തിന്റെ പരദേവതാ ക്ഷേത്രത്തിലെ ദേവിയെ പയ്യോര്‍മല മുത്തശ്ശി എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
പില്ക്കാലത്ത് മുന്‍ നാടുവാഴികള്‍ക്ക് മാലി ഖാന് എന്ന വേതനം നല്കി ഈസ്റ്റ് ഇന്ത്യ കമ്പനിക്കാര് ഭൂസ്വത്ത് കൈവശപ്പെടുത്തിയപ്പോള്‍ പയ്യോര്‍മല നായര്‍ക്കും കെട്ടിലമ്മയ്ക്കും തുക നിശ്ചയിക്കപ്പെട്ടിരുന്നു. അതിന്റെ വിശദവിവരങ്ങള്‍ ലോഗന്‍സ് മാനുവലില്‍ ഉണ്ട്.
ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ എഴുതിയതില്‍ പിശകുണ്ടെന്നറിയിക്കാന് കെസികെ എന്നെ വിളിച്ചിരുന്നു. തന്റെ പത്നിമാതാവാണ് ഇപ്പോഴത്തെ കെട്ടിലമ്മ എന്നും, അവര്‍ക്ക് അങ്ങനെയൊന്നും ലഭിക്കുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
പിന്നീട് അദ്ദേഹം ഫറോക്കിന് അടുത്ത് പിതാവിന്റെ വക ഒരു വീട്ടിലേക്ക് താമസം മാറ്റി. ജന്മഭൂമിയിലെ വി. എം. കൊറാത്ത് അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഞാന്‍ ഫറോക്ക് കോളജിനടുത്ത വസതിയില്‍ പോകും വഴികെസികെയുടെ വസതിയിലും ചെന്നു. ഒരാളില്‍ അധികം ഉയരത്തില്‍ വളര്ന്നുനില്ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയിലെ വയല്‍ വരമ്പത്തുകൂടെ അവിടെ എത്തിയപ്പോള്‍ കെസികെയും കുടുംബവും ഉണ്ട്. പക്ഷേ ശ്രീകാന്ത് ഇല്ലായിരുന്നു. എം. പി. വീരേന്ദ്രകുമാറിന്റെ ഹിമാലയ യാത്രയ്ക്ക് സഹയാത്രികനായി പോയിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് അവിചാരിതമായി കെസികെയുടെ വിളി വന്നു. മാധവജിക്കും ഭരതേട്ടനും സി. എന്‍. മാസ്റ്റര്‍ക്കും ശര്‍മ്മയ്ക്കും മറ്റു ഒപ്പം സ്വയംസേവകനായിരുന്ന സാമൂതിരി കോളജ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് പി. സി. എം. രാജയാണ് അടുത്ത സാമൂതിരിപ്പാട് എന്നറിയിക്കാനായിരുന്നു വിളി. സംഘ ശിക്ഷാ വര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ സാമൂതിരിയാണ് അദ്ദേഹം എന്ന് തോന്നുന്നു. സ്കൂളില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം നിര്‍മ്മിച്ച കൊട്ടാരസദൃശ്യമായ വീടിന് സാമൂതിരി സ്ഥാനത്തിന് വേണ്ട മോടി കൂടെയുണ്ടാക്കിയത്രേ. അദ്ദേഹത്തിന്റെ നമ്പറും കെസികെ തന്നിരുന്നു. ഒന്നു രണ്ടു തവണ വിളിച്ചു നോക്കി ലഭിച്ചില്ല.
ശ്രീകാന്തിന്റെ ദക്ഷിണേശ്വര യാത്രയിലാണ് ഈ ലേഖനം തുടങ്ങിയത്. 1969 ല്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ 12 പേര് ഉണ്ടായിരുന്നു. തന്റെ വ്യാപാര ആവശ്യങ്ങള്‍ക്ക് സാധാരണ അവിടെ പോകാറുണ്ടായിരുന്ന കെ.ജി. വാധ്യാര് എന്ന ഗുണഭട്ടായിരുന്നു വഴികാട്ടി. ഹൗറ സ്റ്റേഷനില്‍ 12 മണിക്കൂറോളം സമയം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ ബസ്സിലും ട്രാമിലും ഒക്കെയായി ബ്രിട്ടീഷ് സാമ്രാജ്യ തലസ്ഥാനമായിരുന്ന നഗരത്തിലൂടെ പലസ്ഥലങ്ങളിലും കൊണ്ടുപോയി. കാളീഘട്ട ക്ഷേത്രം കണ്ട ശേഷമാണ് ദക്ഷിണേശ്വരത്ത് പോയത്. പരമഹംസര്‍ ആരാധിച്ചിരുന്ന കാളീദേവിയെ തൊഴുതു. അവിടെ അധികമാരും ഉണ്ടായിരുന്നില്ല. കുറച്ചു സമയം അവിടെ കഴിച്ചശേഷം ഹൂഗ്ലി നദിയിലെ ഒരു തോണി പിടിച്ച് ദക്ഷിണേശ്വരത്ത് പോയി. ഏതാണ്ട് ഒരു മണിക്കൂര്‍ അവിടം ചുറ്റിക്കണ്ട ശേഷം ബസ്സില്‍ ഹൗറ സ്റ്റേഷനില്‍ എത്തി. നദിയിലൂടെ കപ്പലുകള്‍ പോകുന്നത് കാണാമായിരുന്നു. അത് ഒരു ഓട്ടപ്രദക്ഷിണമായാണ് അനുഭവപ്പെട്ടത്. മഹാ നഗരത്തില്‍ നിന്നും നദി ഹൗറയെ വേര്‍തിരിക്കുന്നത് നേരില്‍ കണ്ടതന്നായിരുന്നു.
പിന്നീടാണ് രാമകൃഷ്ണ വിവേകാനന്ദ സാഹിത്യം വായിക്കാന്‍ തോന്നിയത്. വിവേകാനന്ദ ശതാബ്ദി സമയത്ത് സാഹിത്യം മുഴുവന്‍ മലയാളവിവര്‍ത്തനമായി പ്രസിദ്ധം ചെയ്തിരുന്നു. ശ്രീരാമകൃഷ്ണചരിതാമൃതവും വചനാമൃതവും പലതവണ വായിക്കാന്‍ അവസരം ലഭിച്ചു. മാസ്റ്റര്‍ മഹാശയനായിരുന്നല്ലോ പരമഹംസ സന്നിധിയില്‍ ഇരുന്ന് മൊഴിമുത്തുകള്‍ മുഴുവന്‍ രേഖപ്പെടുത്തിയത്. പ്രസിദ്ധ കവിയായിരുന്ന മൈക്കല്‍ മധുസൂദന ദത്ത് പരമഹംസരെ കാണാന്‍ വന്നപ്പോള്‍ സ്വധര്‍മ്മം പരിത്യജിച്ചവന്റെ മുഖം കാണേണ്ട എന്ന് പറഞ്ഞു അദ്ദേഹം തിരിഞ്ഞിരുന്നുവത്രേ. കവിയുടെ മകള്‍ ഇംഗ്ലീഷിലെ മികച്ച കവയത്രിയായിരുന്നു. തരുദത്ത ലത എന്നായിരുന്നു അത്രേ പേര്. ചെറുപ്പത്തില്‍ തന്നെ മരിച്ചു
വചനാമൃതം ശ്രീരാമകൃഷ്ണ വചന സാഹസ്രീ എന്ന പേരില്‍ ആയിരം ശ്ലോകങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിലങ്ങന്‍ ആശ്രമത്തിലെ സിദ്ധിനാഥാനന്ദ സ്വാമി അതിന്റെ ഒരു പ്രതി ജന്മഭൂമിക്ക് അയച്ചു തന്നിരുന്നു. അതിനെ വിലയിരുത്തി ഏതാനും ലേഖനങ്ങള്‍ ജന്മഭൂമിക്ക് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ ആദ്യകാല പ്രചാരകനും ഹിന്ദുസ്ഥാന്‍ സമാചാര്‍ കേരള പ്രതിനിധിയുമായിരുന്ന സംസ്കൃത ഭാരതിയുടെ തുടക്കക്കാരനായിരുന്ന കൃഷ്ണ ശര്‍മാജിയെ ഏല്‍പ്പിച്ചു. ആ കൃത്യം പൂര്‍ത്തിയാക്കുന്നതു വരെ അദ്ദേഹത്തിന് ആയുസ്സ് ഉണ്ടായില്ല. അങ്ങനെ വചന സാഹസ്രീ കൈവിട്ടുപോയി.
പിന്നീട് ഒരിക്കല്‍ ബിഹാറിലെ ഭാഗല്‍പൂരില്‍ ജനസംഘ പ്രതിനിധി സഭയില്‍ സംബന്ധിക്കാന്‍ പോയിരുന്നു. അന്ന് ബംഗാള്‍ ഉള്‍ക്കൊള്ളുന്ന പൂര്‍വ്വ മേഖല സംഘടനാ കാര്യദര്‍ശി രാംഭാവു ഗോഡ്ബോലെ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. താന്‍ തന്നെ കൂടെ വന്ന് പരമേശ്വര്‍ജിയും രാജഗോപാലും ഞാനും ഉള്‍ക്കൊള്ളുന്ന കേരള സംഘത്തെ നഗരം മുഴുവന്‍ കാണിച്ചു. സ്വാമിജിയും പരമഹംസരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറമേ നാഷണല്‍ ലൈബ്രറിയും (വിക്ടോറിയാ സ്മാരകം) പഴയ വൈസ്രോയി മന്ദിരവും കാണിച്ചു. കൂടാതെ പുതുമയായിരുന്ന വാനനിരീക്ഷണശാല പ്ലാനറ്റേറിയവും കാണാന്‍ അവസരം ഉണ്ടാക്കി. നാഷണല്‍ ലൈബ്രറിയിലെ മലയാള വിഭാഗം കണ്ടപ്പോള്‍ കേരളത്തില്‍ ഒരിടത്തും ഇത്ര വലിയ മലയാള ഗ്രന്ഥശേഖരമില്ല എന്ന് പരമേശ്വര്‍ജി പറയുകയുണ്ടായി.
ശ്രീകാന്തിന്റെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞ കാര്യങ്ങള്‍ കുറിച്ചു എന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: