പൂഞ്ച് (ജമ്മു കശ്മീര്‍): നിയന്ത്രണരേഖയ്ക്ക് (എല്‍ഒസി) സമീപം സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പോളിങ് ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും സുരക്ഷിതരാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കി അധികൃതര്‍. വോട്ടെടുപ്പ് ദിവസം അതിര്‍ത്തി കടന്നുള്ള വെടിവയ്പിനുള്ള സാധ്യത കണക്കിലെടുത്താണിത്. അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പൂഞ്ചില്‍ 25നാണ് പോളിങ്.
പൂഞ്ച് ജില്ലയില്‍ 474 പോളിങ് സ്റ്റേഷനുകളുണ്ട്. മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍ ഉള്‍പ്പെടുന്നത്. മേന്ദര്‍, ഹവേലി, സുരന്‍കോട്ട്. മൊത്തം പോളിങ് സ്റ്റേഷനുകളില്‍ 54 എണ്ണം നിയന്ത്രണരേഖയുടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍, ലോങ്-ആം ഷെല്ലിങ് റേഞ്ചിലാണ്, പൂഞ്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ യാസിന് ചൗധരി എഎന്‍ഐയോട് പറഞ്ഞു.
‘ഈ പോളിങ് സ്റ്റേഷനുകള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. ഷെല്ലാക്രമണവും ബൂത്ത് പിടിച്ചെടുക്കലുമടക്കം എല്ലാ വെല്ലുവിളികളും മുന്‍കൂട്ടി കണ്ടാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ പോളിങ് സ്റ്റേഷനുകളും അടുത്തുള്ള ബങ്കറുകളും ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും സുരക്ഷിതരാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
ഷെല്ലാക്രമണം പ്രതീക്ഷിച്ച് ഒരു ബദല്‍ പോളിങ് സ്റ്റേഷനും തയാറാക്കിയിട്ടുണ്ട്. ചലിക്കുന്ന ബങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്, ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: