ന്യൂദല്‍ഹി: പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറച്ചതായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ളോസിന് മെറ്റ്ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡ് പോലുള്ള മരുന്നുകളുടെ വില ഒരു ടാബ്ലെറ്റിന് 30 രൂപയില്‍ നിന്ന് 16 രൂപയായി.
ആസ്ത്മ നിയന്ത്രിക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന ബുഡെസോണൈഡും ഫോര്‍മോട്ടെറോളും പോലുള്ള കോമ്പിനേഷനുകള്‍ ഒരു ഡോസിന്റെ വില 6.62 രൂപയായി. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകള്‍ ഇപ്പോള്‍ 11.07 രൂപയില്‍ നിന്ന് 10.45 രൂപയ്ക്ക് ലഭിക്കും. അണുബാധയ്ക്കുള്ള സെഫ്റ്റാസിഡൈം, അവിബാക്ടം പൊടികള്‍ 4000 രൂപയില്‍ നിന്ന് ഒരു കുപ്പിയുടെ വില 1,569 രൂപയായി നിശ്ചയിച്ചു .
ആന്റാസിഡ് ആന്റിഗ്യാസ് ജെല്ലിന്റെ ചില്ലറ വില്‍പ്പന വില 1 മില്ലിക്ക് 2.57 രൂപയില്‍ നിന്ന് 0.56 ആകും. അറ്റോര്‍വാസ്റ്റാറ്റിന്‍, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിന്‍ ക്യാപ്സ്യൂള്‍ എന്നിവയുടെ വില നിലവില്‍ 30 രൂപയില്‍ നിന്ന് 13.84 രൂപയാകും.
പോവിഡോണ്‍-അയഡിന്‍, ഓര്‍ണിഡാസോള്‍ ഓയിലിന്റെ വില 1 ഗ്രാമിന് 4 രൂപയായി നിശ്ചയിച്ചു. മുമ്പ് 15 മില്ലിഗ്രാമിന് 70 രൂപയായിരുന്നു . ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ ഗുളികകള്‍ 6 രൂപയില്‍ നിന്ന് ഒരു ടാബ്ലെറ്റിന് 1.59 രൂപയായി നിശ്ചയിച്ചു .
ഫാര്‍മസ്യൂട്ടിക്കല്‍ വില നിശ്ചയിക്കുന്ന നിയന്ത്രണ സ്ഥാപനമായ എന്‍പിപിഎയുടെ യോഗത്തിലാണ് പുതിയ തീരുമാനം. ഈ വര്‍ഷമാദ്യം പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഉപയോഗിക്കുന്ന 69 മരുന്നുകളുടെ വില എന്‍പിപിഎ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: