ഓര്‍മ്മയുണ്ടോ ആ പ്രസ്താവന? ‘ചായക്കടക്കാരന്റെ മകന് വേണമെങ്കില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ വന്നു ചായ അടിച്ചു വില്‍ക്കട്ടെ. അതാണയാളുടെ യോഗ്യത.’
ഇതുപറഞ്ഞത് സാധാരണ ഒരു രാഷ്ട്രീയക്കാരനാണെങ്കില്‍ നിലവാരം കണക്കാക്കി വിട്ടുകളയാം. പക്ഷേ, 70 കൊല്ലത്തോളം അനവധി തവണ ഭാരതം ഭരിച്ച പാര്‍ട്ടിയുടെ മന്ത്രിയായി, സുപ്രധാന വകുപ്പുകള്‍ ഭരിച്ച ആളാണ്. പാര്‍ട്ടിയുടെ നയ നിലപാടുകളില്‍ മാത്രമല്ല, സകല രഹസ്യ ചെയ്തികളിലും പങ്കാളിയായിരുന്നയാള്കൂടിയാണ്. പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിയുടെ കൈയടി കിട്ടാന്‍ കോണ്ഗ്രസ്സുകാര് മത്സരിച്ചു നടത്തിയ രാഷ്ട്രീയ എതിരാളികളുടെ വ്യക്തിഹത്യകളുടെ പട്ടികയില്‍ ഇത് ഒന്നുമാത്രം. ഇത് മണിശങ്കര്‍ അയ്യരുടെ കണക്കില്‍പ്പെട്ടത്.
പക്ഷേ, ആ ചായക്കടക്കാരന്റെ മകന് അവരെ, ഒരു ചായപ്പാത്രവും എടുത്ത് രാജ്യം മുഴുവന്‍ ചായയ്ക്കുമേല് ചര്‍ച്ചകള്‍ നടത്തി അയാളുടെ സംഘടനയും പാര്‍ട്ടിയും ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ഈ രാജ്യത്തു നടക്കുന്ന കൊടും അഴിമതികളും കുടുംബാധിപത്യവും വികസന മുരടിപ്പും ചര്‍ച്ചയാക്കി. ജനങ്ങള്‍ അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേട്ടു. വാക്കും പ്രവൃത്തിയും യോജിപ്പിക്കാന്‍ യോഗ്യനാണെന്ന് ധരിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ പിന്നില്‍ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പെരുംപട അണിനിരന്നു. പടയെ നയിക്കാന്‍ പ്രമുഖരായ സേനാനായകരും വന്നു. അങ്ങ് ഗുജറാത്തിലെ ശ്രീസോമനാഥന്റെ മണ്ണില്‍ നിന്ന് കര്‍മ്മ സംന്യാസി ആയ ആ മുന്‍ ആര്‍എസ്എസ് പ്രചാരകന് ഭാരതം മുഴുവന്‍ യാത്ര ചെയ്തു. അവസാനം കാശിനാഥന്റെ മണ്ണില്‍ എത്തി അദ്ദേഹം യോഗദണ്ഡ് കുത്തി, ഭാരത ദിഗ്വിജയത്തിന് ധ്വജം നാട്ടിക്കൊണ്ട് പാഞ്ചജന്യം മുഴക്കി. അദ്ദേഹത്തിന്റെ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോദി.
പിന്നീട് നടന്നത് ഒരു പോരാട്ടം ആയിരുന്നു. ഒടുവില്‍ വിജയം ധര്‍മ്മത്തിനൊപ്പം നിന്നു. രാജ്യത്തെ വിറ്റു തുലച്ചവര്‍ക്ക് ജനാവലി ജനാധിപത്യ വിധിയെഴുതി. ഒരു ചായക്കടക്കാരന്റെ മകനായ, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവനെ, കുടുംബ മഹിമയോ അച്ഛന്റെ പേരോ ജാതിയോ മതമോ കണക്കിലെടുക്കാതെ പ്രവര്‍ത്തന മികവുമാത്രം കണക്കിലെടുത്ത് ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ നേതൃത്വം നല്കി. ബിജെപി അന്നെടുത്ത ആ തീരുമാനം എത്ര ശരിയായിരുന്നു എന്ന് ഇന്ന് കണക്കുകള്‍ നിരത്തി നോക്കിയാല്‍ മനസ്സിലാകും. ഭരണമികവിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് മുന്നിലേക്ക് വച്ചാണ് 10 വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം ജനങ്ങളെ സമീപിക്കുന്നത്. കാശിനാഥന്റെ നഷ്ടപ്രതാപവും അയോദ്ധ്യ, മഥുര പോലുള്ള മഹാക്ഷേത്രങ്ങളുടെ ചൈതന്യക്ഷയവും എപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ടോ അത് ഈ രാജ്യത്തിന്റെ യശസ്സ് കെടാന്‍ കാരണമായിട്ടുണ്ട്.
ഭാരതത്തിന്റെ ഭാഗ്യരേഖയും മോദിയുടെ ജീവരേഖയും ഒരുപാട് ഇടങ്ങളില്‍ കൂട്ടിമുട്ടുന്നുണ്ട്. വാരാണസിയും സോമനാഥവും അയോദ്ധ്യയും ഒക്കെ ഒരുപാട് ആ യാദൃച്ഛികതകളുടെ യോഗമാണ്. ഇതൊന്നും വെറുതെ സംഭവിക്കുന്നതല്ല. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞതാണ് ശരി. അത് നിയോഗം ആണ്. വാജ്പേയിയും അദ്വാനിയും ഒന്നും മോശക്കാരായിരുന്നില്ലല്ലോ.
ഭാരതം മുഴുവന്‍ യാത്ര ചെയ്ത മോദി പിന്നെ പ്രധാനമന്ത്രി ആയി ലോകം മുഴുവന്‍ യാത്ര ചെയ്തു. ഭാരതം വരും നാളുകളില്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, ഭാരതത്തെ എവിടെ എങ്ങനെയാണ് അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും പോകുന്നത് എന്നെല്ലാം അദ്ദേഹം ലോകരാജ്യങ്ങളിലെ നേതാക്കന്മാരോട് സംവദിച്ചു. ചിലര്‍ അനുകൂലിച്ചു, അവര്‍ക്ക് മോദി കൈകൊടുത്തു കെട്ടിപ്പിടിച്ചു. ചിലര്‍ മുഖം കറുപ്പിച്ചു, ശബ്ദം കനപ്പിച്ചു. അവര്‍ക്ക് മോദി എസ്. ജയശങ്കറിനേയും അജിത് ഡോവലിനേയും കൊടുത്തു. മോദിയുടെ നയതന്ത്രവും രാജ്യതന്ത്രവും അമേരിക്കയും ബ്രിട്ടനും അല്ലാത്ത ലോകരാജ്യങ്ങളുടെ മൂന്നാമത്തെ ഐക്യരൂപമായ ഐക്കണ്‍ ആയി രൂപം കൊണ്ടു. ഭാരത കേന്ദ്രിത നയതന്ത്രം അങ്ങനെ ഉദയം കൊള്ളുകയായിരുന്നു അവിടെ.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ വരവില്‍ അതിനെതിരേയുള്ള പോരാട്ടത്തിലൂടെ ലോകത്തിന് മുന്നില്‍ ഭാരതത്തെ വിശ്വഗുരു ആയി മോദി പ്രതിഷ്ഠ നടത്തുകയായിരുന്നു. എല്ലാത്തിനും സമാധാനവും പരിഹാരവും ഇവിടെ ഉണ്ട്, ഇവിടെ എന്തും സാദ്ധ്യം എന്ന് മോദി കാണിച്ചു കൊടുത്തു. ഒട്ടനവധി ആഗോള നയതന്ത്ര ഇടപെടലുകള്‍ മോദിയുടെ നേതൃത്വത്തില്‍ നടന്നു. യുദ്ധഭൂമിയില്‍ യുദ്ധം നിര്‍ത്തിച്ച് ഭാരതം സ്വന്തം പൗരന്മാരെ രക്ഷിച്ചു കൊണ്ട് വരുമ്പോള്‍ ഭാരത ദേശീയ പതാക ആയിരുന്നു അവരുടെ സംരക്ഷണ കവചം. ഭാരത ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് യെമനില്‍ നിന്നും സുഡാനില്‍ നിന്നും ഉക്രൈനില്‍ നിന്നും ഇതര രാജ്യക്കാരും ജീവനും കൊണ്ട് അതിര്‍ത്തി കടന്നു. ഭാരതത്തിന്റെ പതാകയ്ക്ക് മുന്നില്‍ റഷ്യ പോലുള്ള ലോക ശക്തികള്‍ യുദ്ധം നിര്‍ത്തിവച്ച് ഭാരതീയര്‍ക്ക് വഴി കൊടുത്തപ്പോഴാണ് മോദി നടത്തിയ വിദേശ യാത്രകളുടെ മൂല്യവും പ്രാധാന്യവും വിമര്‍ശകര്‍ക്ക് മനസ്സിലായത്.
ചില കണക്കുകള്‍ മാത്രം പറയാം: ഭാരതം നാല് ട്രില്യണ്‍ മൂല്യം ഉള്ള ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയി. ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തി ആയി. ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളില്‍ എവിടെയും ഇല്ലാതിരുന്ന ഭാരതം ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിങ് നടക്കുന്ന രാജ്യമായി. റെക്കോര്‍ഡ് കനത്തില്‍ വിദേശ നിക്ഷേപങ്ങള്‍ വന്നു തുടങ്ങി. വിദേശ കമ്പനികളിലെ ലോകോത്തര സ്ഥാപനങ്ങള്‍ ഭാരതം തേടി വന്നുതുടങ്ങി.
ഭീകരവാദത്തിന് അതിര്‍ത്തി കടന്നും ഭാരതം മറുപടി നല്കി. കൊവിഡില്‍ ലോകം ശ്വാസം മുട്ടിയപ്പോള്‍ ഭാരതം ലോകത്തിന്റെ ഫാര്‍മസി ആയി മാറി. 150 ലധികം രാജ്യങ്ങങ്ങളിലേക്ക് ഇവിടെനിന്ന് മരുന്നുകളുമായി വിമാനങ്ങള്‍ പറന്നു. 100 ലധികം രാജ്യങ്ങള്‍ക്ക് മൃതസഞ്ജീവനി ആയി കൊവിഡ് വാക്സിനുകള്‍ ഭാരതം എത്തിച്ചു. ആയുധം ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇന്ന് ആയുധം കയറ്റുമതി ചെയ്യുന്നു. ഒടുവില്‍ ജി 20 അധ്യക്ഷ പദവിയില്‍ വരെ എത്തി നില്ക്കുന്നു ഭാരത നയതന്ത്രം.
സ്വാതന്ത്യം കിട്ടിയിട്ട് 70 ആണ്ട് കഴിഞ്ഞിട്ടും വികസനം എന്തെന്നറിയാത്ത ഗ്രാമങ്ങള്‍ ഈ രാജ്യത്തുണ്ട്. അവിടുത്തെ ജനങ്ങള്‍ക്കായി, രാജ്യം മുഴുവന്‍ ശൗചാലയങ്ങള്‍ കെട്ടിക്കൊടുത്ത് അവരുടെ ആത്മാഭിമാനം സംരക്ഷിച്ചു. റെയില്‍വെ ട്രാക്ക് എന്ന രാജ്യത്തെ ഏറ്റവും വലിയ ‘ശൗചാലയ സംവിധാന’ത്തെ ട്രെയിനിലും ബയോ ടോയ്ലറ്റുകള് സ്ഥാപിച്ച് പരിവര്‍ത്തനം ചെയ്തു. ട്രെയിനുകളും സ്റ്റേഷനുകളും വൃത്തിയായി. 70 ആണ്ടുകള്‍ ആയിട്ടും റോഡുകളും ട്രെയിനുകളും വൈദ്യുതിയും എത്താത്ത നാടുകളില്‍ അവ എത്തിച്ചു. പുക നിറഞ്ഞിരുന്ന അടുക്കളകള്‍ക്ക് പാചക വാതകം നല്കി. വീടില്ലാത്ത കോടിക്കണക്കിനുപേര്‍ക്ക് വീടുകള്‍ നല്കി. കുടിവെള്ളവും കൃഷിക്കുള്ള വെള്ളവും സുലഭമാക്കി. കുടുംബങ്ങള്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് പരിരക്ഷകള്‍ സൗജന്യമായി നല്കി. കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ്, കൃഷിക്കാര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി. പെണ് മക്കള്‍ക്ക് പഠിക്കാന്‍ ബേട്ടി ബചാവോ ബേട്ടി പാഠാവോ പദ്ധതി, സുകന്യ സമൃദ്ധി പദ്ധതി ഒരുക്കി. രാജ്യം സ്വാതന്ത്ര്യം നേടി ഇക്കാലമത്രയും പണിത റോഡുകളില്‍ കൂടുതല്‍ റോഡുകള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മോദി പണിതു. റയില്‍വെ വികസനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി.
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ വികസന പദ്ധതിയുമായി മോദി സര്‍ക്കാര്‍ കുതിക്കുന്ന സമയത്ത് കൂടെ ചന്ദ്രയാനും മംഗള്‍യാനും അയോദ്ധ്യ രാമക്ഷേത്രവും പൗരത്വ നിയമവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും ഒക്കെ അതില്‍ തിലകക്കുറി ചാര്‍ത്തുന്നു. ഭാരതം കുതിക്കുകയാണ്. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ തയ്യാറെടുക്കുകയാണ് രാജ്യം.
ചായയുണ്ടാക്കുന്നതും വില്‍ക്കുന്നതും ഒരു മോശം പണിയാണെന്ന് പുച്ഛിച്ച് ഒരു നേതാവ് പൊതുജനങ്ങളോട് നിലപാടും നയവും സംസ്കാരവും വെളിപ്പെടുത്തിയ മെയ് 16 ഇങ്ങനെ നമ്മളെ പലതും ഓര്‍മ്മിപ്പിച്ചു കടന്നു പോയി. ഇപ്പോള്‍ മോദിയെ മോശക്കാരനാക്കാന്‍ മതവും ജാതിയുംകൊണ്ട് കളിക്കുകയാണ് ചിലര്‍. അന്ന് മണി ശങ്കര്‍ അയ്യര്‍ ആണെങ്കില്‍ ഇന്ന് മണികെട്ടിയ ചിലര്‍. മോദി സംവിരണ വിരുദ്ധനാണെന്നായിരുന്നു ഒരു കുപ്രചാരണം. അത് വിവിധ ജാതിക്കാരെ മോദിക്കെതിരേ തിരിക്കാനായിരുന്നു. പക്ഷേ ഫലിച്ചില്ല, എന്നല്ല, ദയനീയമായി പരാജയപ്പെട്ടു. അടുത്ത പടി മോദി മുസ്ലിം വിരുദ്ധനാണെന്ന പ്രചാരണമായിരുന്നു. അതും ഫലം കാണുന്നില്ല. എന്നാല്‍, മോദി ആരാണ് എന്താണ് എന്ന് ചര്‍ച്ച ചെയ്യാന്‍ ഈ അവസരങ്ങളെല്ലാം ഇടയാക്കുന്നുവെന്നതാണ് കൗതുകകരം. അതായത് അന്ന് ചൂടുചായ വീണ് മേലാകെ പൊള്ളിയിട്ടും പഠിക്കുന്നില്ല എന്നര്‍ത്ഥം.
വരാന്‍ പോകുന്ന ജൂണ്‍ നാലിന് തെരഞ്ഞെടുപ്പുഫലം വരുന്നു. മൂന്നാം തവണ മോദി സത്യപ്രതിജ്ഞ ചെയ്ത് പ്രധാനസേവകന് ആവുമ്പോള്‍ ഇത്രനാളും കണ്ട ‘ട്രെയിലര്‍’ ആവില്ല, മുഴുനീള സിനിമയായിരിക്കും വരിക എന്ന സൂചന അദ്ദേഹംതന്നെ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: