ന്യൂദല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 900 ടെലിവിഷന്‍ ചാനലുകളാണെന്നും ലോകത്തെ മറ്റു രാഷ്ട്രങ്ങളുടെ നേതാക്കള്‍ അത്ഭുതത്തോടെയാണ് ഇതിനെ കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചാനലുകള്‍ തന്നോട് എന്താണ് ചെയ്യുന്നത് എന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിന്ദി വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
900 ചാനലുകള്‍ രാവും പകലും എന്നോട് എന്തു ചെയ്യുന്നു എന്നതല്ല കാര്യം. രാജ്യത്ത് 900 ചാനലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് രാജ്യത്തിന്റെ ശക്തി, പ്രധാനമന്ത്രി പറഞ്ഞു. നാനൂറിന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ആദ്യം പറഞ്ഞത് താനല്ലന്നും സഭയില്‍ നിന്ന് തന്നെ ഉയര്‍ന്ന മുദ്രാവാക്യമാണിതെന്നും എന്‍ഡിഎയ്ക്ക് നാനൂറിന് മുകളില്‍ സീറ്റുകള്‍ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിപക്ഷ നിലപാട്
ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യാനന്തര കാലം മുതലുള്ള യാത്ര നമുക്ക് പരിശോധിക്കാം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനും ലോകത്തിന് മുഴുവന്‍ മാതൃകയാണ്. ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പഠിച്ചു മനസ്സിലാക്കാനെത്തിച്ചേര്ന്നിട്ടുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയോത്സവമാണ് നടക്കുന്നത്.
ഇലക്ഷന് കമ്മിഷന് എന്നത് പത്തറുപത് കൊല്ലത്തോളം ഏകാംഗ കമ്മിഷനായിരുന്നു. അവരായിരുന്നു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചത്. എന്നാല്‍ ആ കാലാവധി കഴിഞ്ഞ ശേഷം പലരും ഗവര്‍ണ്ണര്‍മാരായി. ചിലര്‍ എംപിമാരായി. ഒരു ഇലക്ഷന് കമ്മിഷണന്‍ പിന്നീട് എല്‍.കെ. അദ്വാനിക്കെതിരെ മത്സരിക്കുക വരെ ചെയ്തിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ഇലക്ഷന് കമ്മിഷനെതിരെ ട്വീറ്റുകള്‍ ഇടുന്ന തിരക്കിലാണ്. ഇതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ കമ്മിഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നുതന്നെയാണ്.
ഭരണഘടന പൊളിച്ചെഴുതുമെന്ന നുണ
നമ്മുടെ രാജ്യത്ത് ഏതുതരം കള്ളത്തരങ്ങളും പ്രചരിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണിത്. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയതിന്റെ ചരിത്രം നമുക്കൊന്ന് നോക്കാം. ആരാണ് ഭരണഘടനയില്‍ ആദ്യ പൊളിച്ചെഴുത്ത് നടത്തിയത്. അത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്തിച്ചുകൊണ്ടായിരുന്നു നെഹ്റുവിന്റെ ഭരണഘടനാ ഭേദഗതി.
പിന്നീട് അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രിയായി. മകളെന്താണ് ചെയ്തത്. പാര്‍ലമെന്റിലേക്കുള്ള വിജയം കോടതി തടഞ്ഞു, രാജ്യത്താകെ സമരം അവര്‍ക്കെതിരെയുണ്ടായി. അപ്പോള്‍ അവര്‍ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കി പൗരാവകാശങ്ങള്‍ തകര്‍ത്തു. ഭരണഘടന തിരുത്തി. പിന്നീട് അവരുടെ മകന് പ്രധാനമന്ത്രിയായി. ഷാബാനു കേസില്‍ കോടതിവിധി മറികടക്കാന്‍ ഭരണഘടന ഭേദഗതി ചെയ്തു. ഇന്ദിരാഗാന്ധിക്ക് പുറമേ രാജീവ്ഗാന്ധിയും മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവന്നു. ഒടുവില്‍ രാജീവിന്റെ മകനും രാജ്യത്തിന്റെ അധികാരത്തിലെത്തി. റിമോര്‍ട്ട് കണ്ട്രോളിലായിരുന്നു ഭരണം എന്നു മാത്രം. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് അദ്ദേഹവും ഭരിച്ചു. ക്യാബിനറ്റ് എടുത്ത തീരുമാനത്തെ പരസ്യമായി കീറിയെറിഞ്ഞ നേതാവാണ് രാഹുല്‍ഗാന്ധി.
ഒരു കുടുംബത്തിലെ നാലു തലമുറ നമ്മുടെ രാജ്യത്തെ ഭരണഘടനയെ തകര്‍ത്തവരാണ്. എന്നിട്ട് അവരിപ്പോള്‍ പറയുകയാണ് ബിജെപി 400ന് മുകളില്‍ സീറ്റു നേടിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന്. ഒരു കാര്യം ഓര്‍ത്തോളൂ. നരേന്ദ്ര മോദി ജീവനോടെ തന്നെയുണ്ട് ഇപ്പോഴും എന്ന് മറക്കേണ്ട. ഭരണഘടനയില്‍ മാറ്റം വരുത്തി മതാടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ജീവന് നല്‍കിയും അതിനെ എതിര്‍ത്തു തോല്‍പ്പിക്കും. ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട നാടാണിത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: