ന്യൂദല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷവും മോദി സര്‍ക്കാരിന് ഭരണഘടന മാറ്റിമറിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്ന് ആദ്യന്തര മന്ത്രി അമിത് ഷാ.
പക്ഷെ ബിജെപി അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത്, കോണ്‍ഗ്രസാണ്, ഇന്ദിരാഗാന്ധിയാണ്. അവര്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…. വലിയ ഭൂരിപക്ഷത്തിന് വീണ്ടും അധികാത്തിലെത്തിയാല്‍ ഭരണഘടന മാറ്റിമറിക്കുമെന്നുള്ള പ്രതിപക്ഷ ആരോപണത്തോട് ഒരു വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റുകളിലേറെ നേടണമെന്ന ബിജെപി തീരുമാനം ഭരണഘടന മാറ്റിയെഴുതാനാണെന്നാണ് ആരോപണം. ഭരണഘടന മാറ്റിയെഴുതണമെന്ന് ബിജെപി ചിന്തിച്ചിട്ടു പോലുമില്ല. ബിജെപി ഭരണഘടന മാറ്റുമെന്നു പറയുന്ന രാഹുലിനെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ സ്ഥിരതയുള്ളതാക്കാനാണ് 400 ലേറെ സീറ്റ് നേടണമെന്ന ആഗ്രഹത്തിനു പിന്നില്‍. കേന്ദ്ര പദ്ധതികള്‍ വിപുലമാക്കണം, കൂടുതല്‍ ഫലവത്തായി നടപ്പാക്കണം. രാജ്യസുരക്ഷ ശക്തമാക്കണം. അതിനാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഭരണഘടന മാറ്റിയെഴുതാനല്ല. അദ്ദേഹം പറഞ്ഞു. കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?.
എന്താണ് ബിജെപിയുടെ പ്ലാന്‍ ബി?. എന്ന ചോദ്യത്തോട് അത്തരം അവസ്ഥക്ക് ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണഭോക്താക്കളായ 60 കോടി പേര് ഉള്‍പ്പെടുന്ന ശക്തമായ സൈന്യമാണ് അദ്ദേഹത്തിനൊപ്പമുളളത്. അവര്‍ക്ക് ജാതിയില്ല, മതമില്ല, പ്രായഭേദമില്ല. മോദി എന്താണെന്നും എന്തുകൊണ്ട് അദ്ദേഹത്തിന് 400 ലധികം സീറ്റുകള്‍ നല്‍കണമെന്നും അവര്‍ക്ക് അറിയാം അമിത് ഷാ പറഞ്ഞു.
അതിനാല്‍ ബിജെപിക്ക് പ്ലാന്‍ ബി ഇല്ല. പ്ലാന്‍ എ തന്നെ വിജയിക്കും. നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണ്.
ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ പെരുപ്പിച്ചുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാരതത്തില്‍ പ്രത്യേക രാജ്യം വേണമെന്ന് ആരു പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. രാജ്യത്തെ ഒരിക്കലും വിഭജിക്കാനാവില്ല. ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെ വേര്‍തിരിക്കണമെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഇതുവരെ അത് നിഷേധിക്കാന്‍ തയ്യാറായിട്ടില്ല. അവരുടെ അജന്‍ഡയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: