തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ ഉടമകളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മോട്ടോര്‍വാഹന വകുപ്പിന്റെ പോര്‍ട്ടല്‍ തകരാറിലായതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനായില്ല.
ഡ്രൈവിങ് സ്കൂള്‍ സമരം തീര്‍ന്നതോടെ ലൈസന്‍സ് എടുക്കാന്‍ കാത്തിരുന്നവര്‍ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും അതിനു തൊട്ടുപുറകെ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായി. ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സ് എന്നിവക്കെത്തുന്നവരുടെ വിവരം പോര്‍ട്ടലില്‍ നിന്ന് എടുക്കാന്‍ കഴിയുന്നില്ല.
പോര്‍ട്ടല്‍ തകരാറിലായതോടെ മോട്ടോര്‍വാഹന വകുപ്പിലെ പ്രവര്‍ത്തനങ്ങളെല്ലാം ഏറെക്കുറെ നിലച്ച മട്ടാണ്. ലൈസന്‍സ് പുതുക്കലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. പോര്‍ട്ടലിന്റെ തകരാര്‍ ഇന്നത്തോടുകൂടി പരിഹരിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികളെല്ലാം ഇതോടെ അവതാളത്തിലായി. കാലാവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഫീസ് അടയ്ക്കല്‍, ലേണേഴ്സ് ലൈസന്‍സിനുള്ള ബുക്കിങ് സ്ലോട്ട്, ഡ്രൈവിങ് സ്കില്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതായി.
നിര്‍ത്തിവെച്ച ലേണേഴ്സ്, ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കും. എന്നാല്‍ പോര്‍ട്ടല്‍ തകരാറിനെ തുടര്‍ന്ന് ടെസ്റ്റ് മുടങ്ങിയവര്‍ക്ക് പുതിയ തീയതി എടുക്കണം. ഒരുമാസത്തിനു ശേഷമാകും ലഭിക്കുക. ലൈസന്‍സ് പുതുക്കുന്നതിന് ഫീസ് അടയ്ക്കേണ്ടതും തടസപ്പെട്ടിരുന്നു. തീയതി കഴിഞ്ഞവര്‍ക്ക് ഇതോടെ 1000 രൂപ പിഴയും റീ ടെസ്റ്റും വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: