കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് കൈയ്ക്കു പകരം നാവില്‍ ശസ്ത്രക്രിയ നത്തിയ സംഭവത്തില്‍ അന്വേഷണസംഘം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ടൗണ്‍ എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വ്യാഴാഴ്ച രാത്രിയോടെ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെയും രക്ഷിതാക്കളുടെയും കൂട്ടിരിപ്പുകാരിയുടെയും ആശുപത്രി അധികൃതരുടെയും മൊഴി എടുത്തിട്ടുണ്ട്. നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ടൗണ്‍ എസിപി സുരേഷ് അറിയിച്ചു.
കൂടാതെ മെഡി. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അരുണ്‍ പ്രീത് പറഞ്ഞു. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. പ്രൊഫ. ബിജോണ്‍ ജോണ്‍സണെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നും മറ്റൊരു കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ നിഹാല പറഞ്ഞു. ആശുപത്രി അധികൃതരുടെ അശ്രദ്ധ കാരണമാണ് കുട്ടിക്ക് രണ്ടു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത്. നാവിന് പ്രശ്നമുള്ളതായും ശസ്ത്രക്രിയ നടത്തുന്നതായും ശസ്ത്രക്രിയക്ക് മുന്‍പ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ വായില്‍ പഞ്ഞി വെച്ചത് കണ്ട് ചോദിച്ചപ്പോഴാണ് ശസ്ത്രക്രിയ വിവരം അറിയുന്നത്. ഇപ്പോള്‍ കുട്ടിക്ക് നാവിന് ചെറിയ വേദനയുണ്ട്. ഇനി രണ്ടാഴ്ചയ്ക്കുശേഷമാണ് ഡോക്ടറെ കാണേണ്ടത്. കുട്ടിക്ക് മറ്റു കുഴപ്പമൊന്നുമില്ലെന്നും അമ്മ നിഹാല പറഞ്ഞു.
ഇടത് കൈയിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ ചെറുവണ്ണൂര്‍ മധുര ബസാറില്‍ ആയ്ഷ റുവ (4) യുടെ നാവിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച രാവിലെ ഒന്പതരയോയാണ് കുഞ്ഞിനെ സര്‍ജറിക്കായി കൊണ്ട് പോയത്. അരമണിക്കൂര്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ നാവില്‍ പഞ്ഞി വെച്ച നിലയില്‍ നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരികയായിരുന്നു.
വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ക്ക് കാര്യം വ്യക്തമായത്. കൈ പരിശോധിച്ചപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. തുടര്‍ന്ന് വിരല്‍ നീക്കേണ്ട ശസ്ത്രക്രിയയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചതിനു ശേഷമാണ് ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: