പത്തനംതിട്ട: പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ്വേ നിര്‍മാണം 27ന് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പരിഗണിക്കും. സന്നിധാനത്തേക്ക് പൂജാസാധനങ്ങള്‍ ഉള്‍പ്പെടെ സുഗമമായി എത്തിക്കാനാണ് റോപ് വേയിലൂടെ ലക്ഷ്യമിടുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ആംബുലന്‍സ് സര്‍വ്വീസായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. പലതവണ പഠനം നടത്തിയാണ് റോപ്വേയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. 2019ല്‍ തയ്യാറാക്കിയ പദ്ധതിയില്‍ വനംവകുപ്പ് എതിര്‍പ്പ് അറിയിച്ചിരുന്നു.
അഞ്ഞൂറോളം മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നതാണ് വനംവകുപ്പിന്റെ എതിര്‍പ്പിന് കാരണം. എന്നാല്‍ പുതിയ പദ്ധതിരേഖ പ്രകാരം 50 മരങ്ങള്‍ മുറിച്ചാല്‍ മതി. നേരത്തെ 30 മീറ്റര്‍ ഉയരത്തില്‍ വിഭാവനം ചെയ്തിരുന്ന തൂണുകള്‍ 60 മീറ്ററായി ഉയര്‍ത്തിയാണ് മുറിക്കേണ്ട വൃക്ഷങ്ങളുടെ എണ്ണം കുറയ്ക്കുന്നത്. റോഡുമാര്‍ഗം പമ്പ- സന്നിധാനം 5 കിലോമീറ്റര്‍ ദൂരമാണ്. ആകാശ മാര്‍ഗമായതിനാല്‍ 2.67 കിലോമീറ്റര്‍ മാത്രമാണ് റോപ് വേയുടെ ദൈര്‍ഘ്യം. അഡ്വക്കേറ്റ് കമ്മിഷന് എഎസ്പി കുറുപ്പിന്റെ സാന്നിധ്യത്തില്‍ ഈ മാസം ആദ്യം പുതിയ സര്‍വ്വേ നടത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 27ന് ഹൈക്കോടതി ബഞ്ച് വിഷയം പരിഗണിക്കുക. മാളികപ്പുറം പോലീസ് ബാരക്കിന് പുറകില്‍ നിന്നും പമ്പയില്‍ എത്തുന്ന തരത്തിലാണ് റോപ് വേ വിഭാവനം ടെയ്തിരിക്കുന്നത്. രണ്ടിടത്തും റോപ് വേ സ്റ്റേഷനും വെയര്‍ഹൗസും ഓഫീസും നിര്‍മിക്കും. 150 കോടിയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: