യുഎസിലെ നോര്‍ത്ത് കരോലിനയിലെ ചാര്‍ലറ്റ് എന്ന പ്രദേശത്ത് 100 ഓളം മലയാളി വനിതകള്‍ അണിനിരന്ന തിരുവാതിര ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഏപ്രില്‍ ആറിനാണ് ഈ തിരുവാതിര അരങ്ങേറിയതെങ്കിലും, പുത്തന്‍ അനുഭവമാണെന്നതിനാല്‍ ഇപ്പോഴും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.
പര്‍പ്പിള്‍ നിറമുള്ള ബ്ലൗസും ക്രീം സാരിയും ഉടുത്താണ് മലയാളിമങ്കമാര്‍ തിരുവാതിര കളിച്ചത്. ഒരു തുറന്ന മൈതാനത്ത് എട്ട് മിനിറ്റോളമാണ് കളിച്ചത്. കഴിഞ്ഞ 26 വര്‍ഷമായി യുഎസില്‍ ജീവിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിനി രശ്മി മുളക്കലിന് ഇത് അവിസ്മരണീയ ജീവിതാനുഭവം. വിദേശ മണ്ണിലേക്ക് കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ കൊടിയടയാളം പറിച്ചുനടാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് രശ്മി.
കഴിഞ്ഞ 10 വര്‍ഷമായി എല്ലാ തിരുവോണത്തിനും ചാര്‍ലറ്റില്‍ തിരുവാതിരക്കളി അരങ്ങേറുന്നു. അതിന് സാധാരണ 30 സ്ത്രീകളേ പങ്കെടുക്കാറുള്ളൂ. അതുകൊണ്ടാണ് ഇക്കഴിഞ്ഞ വിഷുദിനത്തിന് അത് കുറെക്കൂടി വിപുലമാക്കി 100 സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള തിരുവാതിരക്കളിയാക്കി മാറ്റിയത്. അത് വിജയവുമായി.
ആയിരക്കണക്കിന് സ്ത്രീകളെ വെച്ചുകൊണ്ടുള്ള മെഗാതിരുവാതിര കേരളത്തില്‍ പതിവാണെങ്കിലും അമേരിക്ക പോലുള്ള വിദേശരാജ്യത്ത് 100 മലയാളിസ്ത്രീകളെ ഉള്‍പ്പെടുത്തി തീരുവാതിര കളി നടത്തിയത് നേട്ടം തന്നെയെന്ന് ഇതില്‍ പങ്കെടുത്തവര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: