അല്‍ജിയേസ്: സ്കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയ കൗമാരക്കാരനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അതും സ്വന്തം വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെനിന്ന്. അല്‍ജീരിയയിലെ ദിഹലഫയിലാണ് സംഭവം.
26 വര്‍ഷം മുമ്പ് ‘അജ്ഞാതന്‍’ തട്ടിക്കൊണ്ടുപോയ ഒമര്‍ ബിന്‍ ഒംറാനെയാണ് അയല്ക്കാരന്റെ വീട്ടിലെ ഭൂഗര്‍ഭ അറയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ 19 വയസ്സായിരുന്നു ഒമറിന്റെ പ്രായം. സംഭവത്തില്‍ 61കാരനായ അയല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
1998ലാണ് ഒമറിനെ തട്ടിക്കൊണ്ടുപോയ സംഭവം. വീട്ടുകാരും നാട്ടുകാരും പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2013 ഒമറിന്റെ അമ്മ മരിച്ചു. അടുത്തിടെ സോഷ്യല്‍ മീഡിയയയില്‍ വന്ന ഒരു കുറിപ്പാണ് കേസില്‍ നിര്‍ണായകമായത്. അയല്ക്കാരന്റെ സഹോദരനാണ് ഈ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഒമറിന്റെ കുടുംബം അന്വേഷണ ഏജന്‍സികളെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു.
ഒടുവില്‍ അയല്ക്കാരന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇവിടെയുണ്ടായിരുന്ന ഭൂഗര്‍ഭ അറയില്‍നിന്ന് ഒമറിനെ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ ആടുകളെ വളര്‍ത്തുന്ന ഫാമില്‍ വൈക്കോല്‍ കൊണ്ട് മറച്ച രഹസ്യഅറയിലാണ് ഒമറിനെ അയല്ക്കാരന് ബന്ദിയാക്കിയിരുന്നത്. പോലീസ് സംഘം ഈ രഹസ്യഅറ തുറന്നപ്പോള്‍ കമ്പിളി വസ്ത്രം ധരിച്ച് താടിയുള്ള ഒരാളെയാണ് കണ്ടത്. ഇത് ഒമറാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.
ഒമറിനെ പോലീസ് സംഘം മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 26 വര്‍ഷം ഒമറിനെ ബന്ദിയാക്കിയ പ്രതി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമറിനെ കാണാതായതിന് ശേഷം ഒരു മാസത്തോളം അദ്ദേഹത്തിന്റെ വളര്‍ത്തുനായ പ്രതിയായ അയല്ക്കാരന്റെ വീട്ടില്‍ ഏറെനേരം തങ്ങുന്നത് കുടുംബം നേരത്തെ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നായയുടെ ജഡം ഒമറിന്റെ വീടിന് മുന്നില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ഈ സമയത്തൊന്നും അയല്‍ക്കാരനിലേക്ക് അന്വേഷണം എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: