ന്യൂദല്‍ഹി: ജൂണ്‍ രണ്ടിനു തന്നെ അരവിന്ദ് കേജ്രിവാള് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങിപ്പോകേണ്ടി വരില്ലെന്ന ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ജയില്‍ മോചന പ്രസ്താവനകള്‍ നടത്തുകയാണന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചു. കേജ്രിവാള് നടത്തിയത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും തിരിച്ചു ജയിലിലേക്ക് പോകേണ്ടി വരില്ല എന്നത് അദ്ദേഹത്തിന്റെ അനുമാനം മാത്രമാണെന്നും കോടതി തീരുമാനത്തില്‍ മാറ്റമില്ലെന്നും ബെഞ്ച് പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവര്‍ പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നടപടി ചോദ്യം ചെയ്ത് കേജ്രിവാള് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഈ പരാമര്‍ശം.
ജാമ്യം സംബന്ധിച്ച് കേജ്രിവാളിന്റെ പ്രസംഗം ഇ ഡിയും കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശം കേജ്രിവാളിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്താല്‍ തിരിച്ചു ജയിലില്‍ പോകേണ്ടി വരില്ലെന്ന കേജ്രിവാളിന്റെ പ്രസംഗമാണ് ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതു കേജ്രിവാളിന്റെ വിലയിരുത്തലാണെന്നും തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു.
പ്രത്യേക പരിഗണനയിലാണ് കേജ്രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗം പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല. ഒരാള്‍ക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: