മുംബൈ: ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല്‍ (70) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളുകളായി അര്‍ബുദ ബാധിതയായിരുന്നു ഇവര്‍.
അനിതയുടെ ആരോഗ്യസ്ഥിതി കുറച്ചു നാളുകളായി മോശമായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയല്‍ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയാണ് രണ്ട് മാസത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
എന്നാല്‍ അനിതയുടെ മരണ സമയം നരേഷ് ഗോയല്‍ മുംബൈയിലെ വസതിയിലായിരുന്നു. ഇയാളും അര്‍ബുദ ബാധിതനായി ചികിത്സയിലാണ്. കഴിഞ്ഞ സപ്തം. ഒന്നിനാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നരേഷ് അറസ്റ്റിലായത്. ജെറ്റ് എയര്‍വെയ്സ് വൈസ് പ്രസിഡന്റായിരുന്ന അനിതയും കേസില്‍ പ്രതിയാണ്. നര്‍മ്മദ, നിവാന്‍ ഗോയല്‍ എന്നിവര്‍ മക്കളാണ്. മുംബൈയിലാണ് അനിതയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: