ഡെറാഡൂണ്‍ :ചാര്‍ ധാം യാത്രയ്‌ക്കായി തീര്‍ഥാടകരുടെ വന്‍ തിരക്ക്. മേയ് 10 ന് ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 11 തീര്‍ഥാടകരുടെ മരണവും സംഭവിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം.
തീര്‍ത്ഥാടകര്‍ ആരോഗ്യ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പരിശോധനാ നടപടികള്‍ എടുത്തിട്ടുണ്ട്.
എല്ലാ തീര്‍ത്ഥാടകരെയും സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയരാക്കും. അവരുടെ ആരോഗ്യ വിവരങ്ങള്‍ വിശദീകരിക്കുന്ന ഫോമുകള്‍ വിതരണം ചെയ്യും.സാധാരണ കാലാവസ്ഥ അല്ല മലമുകളില്‍ ഉളളത്. 50 വയസും അതില്‍ കൂടുതലുമുള്ള തീര്‍ഥാടകരുടെ ആരോഗ്യ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 44 സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 184 ഡോക്ടര്‍മാരെ യാത്രാ വഴിയില്‍ ആരോഗ്യവകുപ്പ് വിന്യസിച്ചിട്ടുണ്ട്.
ശ്വസന പ്രശ്‌നങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ള പ്രായമായവരാണ് യാത്രയ്‌ക്കിടെ മരിച്ചവരില്‍ ഭൂരിഭാഗവും.
യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ് ധാം എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഈ മാസം 10 ന് ആരംഭിച്ചു. ബദരീനാഥ് ധാം 12 ന് തുറന്നു. 1.55 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതിനകം കേദാര്‍നാഥിലേക്കും 70,000 ത്തിലധികം യമുനോത്രിയിലേക്കും 63,000 ത്തിലധികം പേര്‍ ഗംഗോത്രിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 45,000 തീര്‍ത്ഥാടകരെയാണ് ബദരീനാഥ് ധാം സ്വാഗതം ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി തീര്‍ഥാടകര്‍ ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ എത്തിയതായി ചീഫ് സെക്രട്ടറി രാധാ റാതുരി നേരത്തെ പറഞ്ഞു. . യാത്രയ്‌ക്ക് മുമ്പ് വിനോദസഞ്ചാരികള്‍ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ഊന്നിപ്പറഞ്ഞിരുന്നു.
ചാര്‍ധാം ക്ഷേത്രപരിസരത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. സെക്രട്ടേറിയറ്റില്‍ നടന്ന അവലോകനത്തിനിടെ, വ്യാജ വാര്‍ത്തകളിലൂടെയോ വീഡിയോകളിലൂടെയോ ചാര്‍ധാം യാത്രയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും റാത്തൂരി പറഞ്ഞു.
ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്ത് ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കുമുള്ള യാത്രയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തന്റെ സെക്രട്ടറി, മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ആര്‍ മീനാക്ഷി സുന്ദരത്തെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: