ന്യൂദല്‍ഹി: കെനിയക്ക് സഹായഹസ്തവുമായി ഭാരതം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് രണ്ടാംഘട്ട മാനുഷിക സഹായം അയച്ചു. 40 ടണ്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള മാനുഷിക സഹായവുമാണ് ഭാരതം എത്തിച്ചത്. ഗാസിയബാദിലെ ഹിന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ വിമാനം വഴിയാണ് സാധനങ്ങള്‍ അയച്ചത്. കെനിയയിലേക്ക് അയച്ച വസ്തുക്കളുടെ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ എക്സില്‍ കുറിച്ചു.
മെയ് 10നാണ് കെനിയയിലേക്ക് ആദ്യ സഹായം അയച്ചത്. ഭക്ഷണം, മരുന്ന് എന്നിവയാണ് ആദ്യം കൈമാറിയത്. നാവികസേനയുടെ കപ്പലായ സുമേധയിലാണ് ആദ്യഘട്ട സഹായഹസ്തം വിതരണം ചെയ്തത്. ഇവ കെനിയന്‍ സര്‍ക്കാരിന് വിതരണം ചെയ്തതായി ഭാരത ഹൈക്കമ്മിഷന് എക്സില്‍ കുറിച്ചു. കെനിയയിലെ പ്രളയക്കെടുതിയില്‍ 200 ഓളം ആളുകളാണ് മരിച്ചത്. ആയിരക്കണക്കിന് ആളുകള്‍ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്തു. രണ്ടായിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: