ന്യൂദൽഹി: തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഹിന്ദു- മുസ്ലീം വിഭിന്നതയുണ്ടാക്കുന്നുവെന്ന ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഞാനൊരിക്കലും പറഞ്ഞിട്ടില്ല. മുസ്ലീമുകളോടുള്ള തന്റെ സ്നേഹം തനൊരിക്കലും മാർക്കറ്റ് ചെയ്തിട്ടില്ല. വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘എന്റെ രാജ്യത്തെ ജനങ്ങൾ എനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. രാഷ്ട്രീയത്തിൽ ഹിന്ദു- മുസ്ലീം വിഷയത്തെ കുറിച്ച് ഞാൻ എന്നാണോ സംസാരിച്ച് തുടങ്ങുന്നത് അന്ന് പൊതുജീവിതം നയിക്കാനുള്ള എന്റെ യോഗ്യത നഷ്ടപ്പെടും. ഹിന്ദു – മുസ്ലീം വിഭജനം ഞാൻ ഒരിക്കലും ചെയ്യില്ല. അതെന്റെ ദൃഡനിശ്ചയമാണ്.
മോദി മുസ്ലീമിനെതിരെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞാൻ അവർക്ക് വേണ്ടി നല്ലത് മാത്രമാണ് ചെയ്തത്. എന്നാൽ, അവരോടുള്ള എന്റെ സ്നേഹം ഞാൻ ഒരിക്കലും മാർക്കറ്റ് ചെയ്യില്ല. കാരണം, സബ് കാ സാത് സബ് കാ വിശ്വാസ് എന്നതാണ് എന്റെ മന്ത്രം. വോട്ട് ബാങ്കിന് വേണ്ടിയല്ല ഞാൻ പ്രവർത്തിക്കുന്നത്. തെറ്റ് കണ്ടാൽ ഞാനത് വിളിച്ചുപറയുക തന്നെ ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.
കൂടുതൽ കുട്ടികൾ ഉള്ളവരെ കുറിച്ച് താൻ പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് ചിലർ വളച്ചൊടിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലും ഈ പ്രശ്നമുണ്ട്. ദരിദ്ര കുടുംബങ്ങൾക്ക് അവരുടെ കുട്ടികൾക്ക് നല്ല വിദ്യഭ്യാസം നൽകാൻ പോലും കഴിയുന്നില്ല. താൻ ഒരിക്കലും പേരെടുത്ത് ഹിന്ദു എന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്ന കുട്ടികളുണ്ടാകണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വീടിന് ചുറ്റും ധാരാളം മുസ്ലിം കുടുംബങ്ങളുണ്ട്. വീട്ടിൽ പെരുന്നാളും മറ്റ് ഉത്സവങ്ങളും ആഘോഷിക്കാറുണ്ട്. പെരുന്നാൾ ദിവസം വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല. മുസ്ലിം കുടുംബങ്ങളിൽ നിന്ന് ഭക്ഷണം വീട്ടിലെത്തും. അത്തരമൊരു ലോകത്താണ് താൻ വളർന്നത്. ഇന്നും തനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട് – മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: