കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ഗോപാൽ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി യുവതികൾ പോലീസിന് നൽകി. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം.
രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികളാണ് പോലീസിൽ പരാതി നൽകിയത്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
അതേസമയം പീഡനക്കേസിൽ പ്രതികരിച്ച് രാഹുലിന്റെ അമ്മയും സഹോദരിയും രംഗത്ത് വന്നു. വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. മുന്‍പ് രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ടുബന്ധപ്പെട്ടത്. അവളുടെ നിര്‍ബന്ധത്തിനാണ് കല്യാണം നടത്തിയത്. ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കം വേണോയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ചോദിച്ചെങ്കിലും വേണ്ടെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും രാഹുലിന്റെ സഹോദരി പറഞ്ഞു.
യുവതിയുടെ കാമുകൻ വിളിച്ചത് അന്ന് മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിംഗ് ആയിരുന്നു. അതായിരുന്നു പ്രശ്നമെന്നായിരുന്നു അമ്മ ഉഷയുടെ പ്രതികരണം. ഫോൺ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്.
രാഹുൽ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. മുൻപത്തെ കല്യാണത്തിന്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: