ന്യൂദല്‍ഹി: കാശിയുമായുള്ള തന്റെ ബന്ധം അതിശയകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് പറയാനുള്ളത് വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും നാമനിര്‍ദേശ പത്രിക സമര്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി കുറിച്ചു.
കാശിയിലുള്ള തന്റെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി പത്രികാസമര്‍പ്പണത്തിനുശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പത്രിക സമര്‍പിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ഈ കുറിപ്പ്. വാരാണസിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണ്.
കഴിഞ്ഞ 10 വര്‍ഷമായി നിങ്ങളില്‍ നിന്നെല്ലാം തനിക്ക് ലഭിച്ച അത്ഭുതകരമായ സ്നേഹവും അനുഗ്രഹങ്ങളും നിരന്തരമായ സേവന മനോഭാവത്തോടെയും പൂര്‍ണ നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കാന്‍ തന്നെ പ്രചോദിപ്പിച്ചു. നിങ്ങളുടെ പൂര്‍ണ പിന്തുണയോടയും പങ്കാളിത്തത്തോടും കൂടി, തന്റെ മൂന്നാം തവണയും ഈ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി താന്‍ കൂടുതല്‍ ഊര്‍ജത്തോടും ശക്തിയോടും കൂടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കുറിച്ചു.
ഗംഗാ മാതാവിന് പ്രണാമമര്‍പ്പിച്ചാണ് തന്റെ ദിവസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മാ ഗംഗയെ കാണാനും ആരാധിക്കാനുമുള്ള ഭാഗ്യം തനിക്കുണ്ട്. കാശി നിവാ സികള്‍ക്കും രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി മാ ഗംഗയോട് പ്രാര്‍ത്ഥിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗാ സപ്തമി ദിനമായിരുന്നു ഇന്നലെ. കാശിയിലെ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കാനും ആരാധന നടത്താനും ഭാഗ്യമുണ്ടായതായും പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങളുടെ ജീവിതം ഐശ്വര്യപൂര്ണമാകട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.
കാലഭൈരവ ക്ഷേത്രത്തിന് പുറത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. പുഷ്പങ്ങള്‍ വിതറിയും ഹര് ഹര് മഹാദേവ്, മോദി മോദി എന്ന് വിളിച്ചുകൊണ്ടുമാണ് ജനം അദ്ദേഹത്തെ സ്വീകരിച്ചത്. എം.വി. സ്വാമി വിവേകാനന്ദ എന്ന ക്രൂയിസ് കപ്പലിലാണ് ദശാശ്വമേധ ഘട്ടില്‍ നിന്ന് നമോ ഘട്ടിലേക്ക് നരേന്ദ്രമോദി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: