ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഫാത്തിമ എന്ന സ്ത്രീയ്ക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെ ആണ് മോദിയെ വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിദ്വേഷപ്രസംഗം നടത്തിയതിന് ജനപ്രാതിനിധ്യനിയമപ്രകാരം ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം.
തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്തെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു. ബന്ധപ്പെട്ട അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുവാദം നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹര്‍ജിയും ഇതേ ബെഞ്ച് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: