തിരുവനന്തപുരം: വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടി സര്ക്കാരാശുപത്രികളിലെത്തി മണിക്കൂറുകള്‍ കാത്തുനില്ക്കുന്ന സാധാരണക്കാരെ പരിശോധിക്കാതെ കളക്ടറുടെ കാലുവേദന നോക്കാനാണ് പോകേണ്ടതെന്ന ഐഎഎസ് അസോസിയേഷന്റെ നിലാടിനെ ഐഎംഎ ശക്തമായി അപലപിച്ചു.
അസോസിയേഷന് തീരുമാനം സഹതാപാര്‍ഹമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശശി തല്ലശ്ശേരി. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയും വകുപ്പും ഇടപെട്ട് ശക്തമായ തീരുമാനം എടുക്കണം. കളക്ടറുടെ വീട്ടിലേക്ക് പോകാന്‍ ഡോക്ടറോട് നിര്‍ദ്ദേശിച്ചവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്. ഡിഎംഒയുടെ നടപടിയെയും ഐഎംഎ അപലപിച്ചു.
മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ തൊട്ടടുത്ത സര്ക്കാരാശുപത്രിയിലെത്താന് നിര്‍ദ്ദേശിക്കുകയും മുന്‍ഗണന നല്കി ചികിത്സിക്കുകയും ചെയ്യുമായിരുന്നു. ഡോക്ടര്‍മാരുടെ അന്തസും സാധാരണക്കാര്‍ക്ക് നല്‍കേണ്ട പരിഗണനകളും സംരക്ഷിക്കപ്പെടണം. ഇനിയുള്ള കാലത്ത് ഇത്തരം നടപടികള്‍ നടക്കാന്‍ പാടില്ലെന്നും പൊതുസമൂഹം വിഷയം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗവിവരം ഡോക്ടര്‍ താല്പര്യമെടുത്ത് പുറത്തുപറഞ്ഞതല്ല. മറിച്ച് വിഷയം ചര്‍ച്ചയായപ്പോള്‍ എന്തിനാണ് പോയതെന്ന് വെളിപ്പെടുത്തേണ്ടിവന്നതാണെന്നും ഡോ. ശശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: