തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തിയതില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാവില്ല. കളക്ടറെ ന്യായീകരിച്ചും ഡോക്ടറാണ് തെറ്റുകാരനെന്നും വിമര്‍ശിച്ചു ഐഎഎസ് അസോസിയേഷനും രംഗത്തെത്തി. ഡോക്ടറും സര്‍വീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സര്‍ക്കാരിന്റെയും വിലയിരുത്തല്‍.
കളക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതാണെന്നാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. സര്‍വീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണ്. അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2), പ്രകാരം അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സ്ഥലത്തെത്തി ചികിത്സ നല്‍കാമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടര്‍ കുറ്റക്കാരനാണെന്നും അസോസിയേഷന് ആരോപിച്ചു.
ഇക്കാര്യം കളക്ടറും ചിഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ആരോഗ്യ ഡയറക്ടര്‍ കെ.ജെ. റീന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംസ്ഥാനത്തെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള ജെറോമിക് ജോര്‍ജിനെതിരെയുള്ള വിവാദം സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
തിരക്കേറിയ സര്‍ജറി ഒപിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കവേയാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളക്ടര്‍ കുഴിനഖം പരിശോധിപ്പിച്ചത്. ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം ഡോ. ഉണ്ണിക്കൃഷ്ണനെയാണ് വിളിച്ചുവരുത്തിയത്. തിരക്കേറിയ ഒപിയില്‍ നിന്ന് ഡോക്ടറെ വിളിച്ചുവരുത്തിയതിനെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കളക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നും ഡോക്ടര്‍മാരുടെ അന്തസ് കാത്തുസൂക്ഷിക്കുന്ന നടപടി ഉണ്ടാകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: