സംസ്ഥാനത്തെ 389 ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍) സ്‌കൂളുകളില്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.vhseportal.kerala.gov.in, www.admission.dge.kerala.gov.in- എന്നീ വെബ് പോര്‍ട്ടലുകളിലുണ്ട്. ഒരു ബാച്ചില്‍ 30 സീറ്റുകളാണുള്ളത്. എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലാണ് പഠനാവസരം. വിവിധ ഗ്രൂപ്പുകളിലായി 48 സ്‌കില്‍ കോഴ്‌സുകളുമുണ്ട്. രണ്ട് വര്‍ഷമാണ് പഠന കാലാവധി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സില്‍ ഇംഗ്ലീഷ്, സംരംഭകത്വ വികസനം പൊതുവായി പഠിക്കേണ്ട വിഷയങ്ങളാണ്. 48 തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അഭിരുചിക്കിണങ്ങിയത് തെരഞ്ഞെടുത്ത് പഠിക്കാം. ഓരോ ഗ്രൂപ്പിലുമുള്ള നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഇവയാണ്. ഗ്രൂപ്പ് എ- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഗ്രൂപ്പ് ബി- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി. ഗ്രൂപ്പ് സി- ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്. ഗ്രൂപ്പ് ഡി- അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, മാനേജ്‌മെന്റ്.
ഗ്രൂപ്പ് ബി വിഭാഗത്തിലെ വൊക്കേഷണല്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടൊപ്പം താല്‍പര്യമുണ്ടെങ്കില്‍ മാത്തമാറ്റിക്‌സ് കൂടി പഠിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളെഴുതാവുന്നതാണ്. പഠനമാധ്യമം ഇംഗ്ലീഷാണ്. എന്നാല്‍ പരീക്ഷകള്‍ മലയാളം, തമിഴ്, കന്നട ഭാഷകളിലും എഴുതാം.
പ്രവേശന യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ ഡി+ ഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. കുറഞ്ഞ പ്രായപരിധി 2024 ജൂണ്‍ ഒന്നിന് 15 വയസ്. എന്നാല്‍ കേരള പൊ
തുപ്രവേശന പരീക്ഷാബോര്‍ഡില്‍നിന്ന് എസ്എസ്എല്‍സി പാസായവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല. 20 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയില്ല. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ടുവര്‍ഷത്തെ ഇളവുണ്ട്.
അന്ധ-ബധിര, മൂക വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കായികതാരങ്ങള്‍ക്കും മറ്റും ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
കേരളത്തിലെ ഏത് വൊക്കേഷണല്‍ സെക്കന്ററി സ്‌കൂളിലെയും മെരിറ്റ് സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് ഓണ്‍ലൈനായി ഒറ്റ അപേക്ഷ മാത്രം നല്‍കിയാല്‍ മതി. അപേക്ഷയില്‍ വിവിധ സ്‌കൂളുകള്‍, വ്യത്യസ്ത കോഴ്‌സുകള്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ ഓപ്ഷന്‍ നല്‍കേണ്ടതാണ്. ബധിര മൂക വിദ്യാലയങ്ങളിലെ പ്രവേശനത്തിന് പൊതു അപേക്ഷയില്‍ പ്രസ്തുത സ്‌കൂളിലേക്ക് ഓപ്ഷന്‍ നല്‍കാം.
എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന് അതത് സ്‌കൂളില്‍നിന്നും അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ചു നല്‍കണം.
അപേക്ഷാര്‍ത്ഥി ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സീറ്റ് അലോട്ട്‌മെന്റ്. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിന് ഓരോ സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. അലോട്ട്‌മെന്റ് പ്രക്രിയകളും പ്രവേശന നടപടികളും ഫീസ് നിരക്കുകളും പ്രോസ്‌പെക്ടസിലുണ്ട്.
വൊക്കേഷണല്‍ കോഴ്‌സുകള്‍: 2024-25 വര്‍ഷം ഹയര്‍ സെക്കന്‍ഡറി തലത്തില്‍ തെരഞ്ഞെടുത്തു പഠിക്കാവുന്ന വൊക്കേഷണല്‍/സ്‌കില്‍ കോഴ്‌സുകള്‍ ചുവടെ-ഗ്രൂപ്പ് എ; പവര്‍ ട്രില്ലര്‍ ഓപ്പറേറ്റര്‍, അസിസ്റ്റന്റ്ഓഫ്‌സെറ്റ് പ്രിന്റിങ് ഓപ്പറേറ്റര്‍, ഫോര്‍വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍, ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് ഹെല്‍പ്പര്‍, ഡൊമസ്റ്റിക് ബയോമെട്രിക് ഡാറ്റാ ഓപ്പറേറ്റര്‍, ഡ്രാഫ്റ്റ്‌സ് പേഴ്‌സണ്‍ സിവില്‍ വര്‍ക്‌സ്, ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍സ്, ഫാബ്രിക് ചെക്കര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍ എയര്‍ കണ്ടീഷണര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് ബെരിഫെറല്‍സ്, ഗ്രാഫിക് ഡിസൈനര്‍, ചെക്കര്‍ ഇന്‍ ലൈന്‍ ആന്‍ഡ് മെഷര്‍മെന്റ്, ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍, മെഷ്യന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് -പ്ലാസ്റ്റിക്‌സ് പ്രോസസിങ്, ഓപ്ടിക്കല്‍ ഫൈബര്‍ ടെക്‌നിഷ്യന്‍, പ്ലംബര്‍-ജനറല്‍, സോളാര്‍ എല്‍ഇഡി ടെക്‌നീഷ്യന്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വെബ് ഡവലപ്പര്‍, ടെലികോ ടെക്‌നീഷ്യന്‍ (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഡിവൈസസ്/സിസ്റ്റംസ്).
ഗ്രൂപ്പ് ബി: അസിസ്റ്റന്റ് ഡിസൈനര്‍-ഫാഷന്‍ ഹോം ആന്‍ഡ് മെയിഡ് അപ്‌സ്, പ്രീ-സ്‌കൂള്‍ ആന്‍ഡ് ഡേ കെയര്‍ ഫെസിലിറ്റേറ്റര്‍, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡയറി പ്രോസസിംഗ് എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍, അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, ഡയറ്റിറ്റിക് എയിഡ്, ഫിഷ് ആന്‍ഡ് സീഫുഡ് പ്രോസസിങ് ടെക്‌നീഷ്യന്‍ (റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍),ഫിഷിംഗ് ബോട്ട് മെക്കാനിക്, ഫിറ്റ്‌നസ് ട്രെയിനര്‍, ഗ്ലോറി കള്‍ച്ചര്‍, ലാബ് ടെക്‌നിഷ്യന്‍ ഗാര്‍ഡണര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ട്രെയിനി), ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍, മൈക്രോ ഇറിഗേഷന്‍ ടെക്‌നീഷ്യന്‍, ഓര്‍ഗാനിക് ഗ്രോവര്‍, ഓര്‍ണമെന്റല്‍ ഫിഷ് ഫാര്‍മര്‍, സൃംപ് ഫാര്‍മര്‍, സ്മാള്‍ പൗള്‍ട്രിഫാര്‍മര്‍, ഇന്റീരിയര്‍ ലാന്റ്‌സ്‌കേപ്പര്‍, സെല്‍ഫ് എംപ്ലോയിഡ് ടെയിലര്‍.
ഗ്രൂപ്പ് സി: കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് (മീറ്റ് ആന്‍ഡ് ഗ്രീറ്റ്)
ഗ്രൂപ്പ് ഡി: ബിസിനസ് കറസ്‌പോണ്ടന്റ്/ഫെസിലിറ്റേറ്റര്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ക്രാഫ്റ്റ് ബേക്കര്‍, ഓഫീസ് ഓപ്ഷന്‍സ് എക്‌സിക്യൂട്ടീവ്, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും അഡ്മിഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക