ന്യൂദല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയാറായതായി റിപ്പോര്‍ട്ട്.
ഈ മാസം 10 ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രാലയം സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ബിഎസ്എന്‍എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉചിതമായ ഉപയോഗം, ഏതെല്ലാം ആവശ്യപ്പെടാത്തതും അനാവശ്യവുമാണെന്ന് വേര്‍തിരിക്കല്‍, നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്തല്‍ എന്നിവയാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചര്‍ച്ചയുടെ ഭാഗമായി കമ്മിറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഗൈഡ്ലൈന്‍സ് ഫോര്‍ അണ് സോളിസിറ്റഡ് ആന്‍ഡ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024 ന്റെ അന്തിമ രൂപം അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ ഉപഭോക്തൃ മന്ത്രാലയം രൂപം നല്കിയ സബ് കമ്മിറ്റിയാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.
സ്പാം കോളുകള്‍ തടയുന്നതിന് ട്രായിയും ടെലികോം വകുപ്പും ഇതുവരെ സ്വീകരിച്ച നടപടികള്‍ കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യം, ഫോണ്‍ വിളിക്കുന്ന എല്ലാവരുടെയും പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: