തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെ. ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടി എക്കാലവും നിലകൊണ്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയുടെ ദി ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്ന് അണ്ണാമലെ ചൂണ്ടിക്കാട്ടി. അഫ്‌ഗാനിസ്താനിൽ അകപ്പെട്ട ക്രിസ്ത്യൻ പുരോഹിതനെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരികെയെത്തിച്ചത് മോദിയുടെ പരിശ്രമഫലമായാണ്. ആ സമയത്ത് അയാൾ ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്നല്ല അദ്ദേഹം നോക്കിയത്. അയാൾ ഒരു ഭാരതീയനാണെന്ന് മാത്രമാണ് ചിന്തിച്ചത്, അണ്ണാമലെ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെവിടെയുമുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ആഗോളതലത്തിൽ അവരെ പ്രതിനിധീകരിക്കുന്ന നേതാവ് മോദിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സിഎഎ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ല. ഒരു ഗവൺമെന്റിനും അതിന് സാധിക്കില്ല. പകരം അത് പൗരത്വം നൽകുന്ന നിയമമാണ്. മുത്തലാഖ് തീവ്ര ഇസ്ലാമിക രാജ്യങ്ങൾ പോലും പിന്തുടരുന്നില്ല. എന്നിട്ടും എന്ത് ധൈര്യത്തിലാണ് മുത്തലാഖ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം
കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തീവ്രവാദികളെ മതേതരവാദികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് ഒരു മതേതര രാഷ്‌ട്രീയ പാർട്ടിയെന്ന് പറയാൻ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ തയാറാണോ എന്നും അണ്ണാമലെ ചോദിച്ചു. “ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു”, അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ ബിജെപി ന്യൂനപക്ഷ വിരുദ്ധപാർട്ടിയാണെന്നുള്ള തെറ്റിദ്ധാരണയുടെ മതിൽ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെതിരെ ബിജെപി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ ആ മതിൽ പൊളിച്ചു നീക്കപ്പെടുമെന്നും അണ്ണാമലെ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: